ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെയും നിയമനം പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുടെ ശുപാര്‍ശ പ്രകാരം വേണമെന്ന് സുപ്രീം കോടതി.
സമിതിയുടെ ശുപാര്‍ശ അനുസരിച്ച് രാഷ്ട്രപതി നിയമനം നടത്തണമെന്ന് ജസ്റ്റിസ് കെ.എം ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.
മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെയും തിരഞ്ഞെടുപ്പു കമ്മിഷണര്‍മാരുടെയും നിയമനത്തിന് കൊളീജിയം മാതൃകയില്‍ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി. ഐക്യകണ്ഠ്യേനയാണ് അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത്.
ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ് സമിതിയില്‍ അംഗമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. പാര്‍ലമെന്റ് ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്തുന്നതുവരെ ഈ നിയമന രീതി പിന്തുടരണമെന്ന് കോടതി നിര്‍ദേശിച്ചു.