ന്യൂഡല്‍ഹി: സഹയാത്രികയുടെ ദേഹത്ത് വിമാനയാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തെ തുടര്‍ന്ന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൈലറ്റിന് ഇളവില്ല. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത തീരുമാനത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് പൈലറ്റ് സമര്‍പ്പിച്ച അപേക്ഷ ഡി.ജി.സി.എ തള്ളി. സംഭവം കൃത്യമായ സമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതാണെന്നും നിലവില്‍ ഇത് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഡി.ജി.സി.എ വിലയിരുത്തല്‍. നേരത്തെ സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് ഡി.ജി.സി.എ 30 ലക്ഷം പിഴ വിധിച്ചിരുന്നു. ഇതിന് പുറമേയാണ് പൈലറ്റിന്റെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തത്.
നവംബര്‍ 26 ന് ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലാണ് മൂത്രമൊഴിച്ച സംഭവം ഉണ്ടായത്. മദ്യപിച്ച യാത്രക്കാരന്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു.
സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ നടപടിയുണ്ടായത്. നേരത്തെ പൈലറ്റ് അസോസിയേഷനും നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.സി.എക്ക് അപേക്ഷ നല്‍കിയിരുന്നു. കൃത്യമായ പരിശോധനകള്‍ നടത്താതെയാണ് സസ്‌പെന്‍ഷനെന്നായിരുന്നു അസോസിയേഷന്റെ വാദം.