ദുബായ് :എമിറേറ്റില്‍ 2026 ഓടെ എയർ ടാക്സികള്‍ പൊതുഗതാഗതത്തിന്‍റെ ഭാഗമാകുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. അമേരിക്കന്‍ കമ്പനിയായ ജോബി ഏവിയേഷനാണ് എയർ ടാക്സിയുടെ നിർമ്മാണ ചുമതല. വ്യോമ ഗതാഗതം നിയന്ത്രിക്കുന്ന യുഎസ് ഫെഡറൽ ഏവിയേഷൻ്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ടാക്സികൾ രൂപകൽപന ചെയ്തിരിക്കുന്നത്. വൈദ്യുതിയിലാണ് എയർ ടാക്സികൾ പ്രവർത്തിക്കുക.
പറക്കും ടാക്സികളുടെ സ്റ്റേഷനുകള്‍ വെർട്ടിപോർട്ടുകള്‍ സ്ഥാപിക്കുന്നതിനുളള രൂപ രേഖയ്ക്ക് നേരത്തെ ലോക സർക്കാർ ഉച്ചകോടിയ്ക്ക് മുന്‍പായി നടന്ന ചടങ്ങില്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കിയിരുന്നു.. പദ്ധതി പൂർത്തിയാകുന്നതോടെ പറക്കും ടാക്സികളുടെ ശൃംഖലയുള്ള ലോകത്തെ ആദ്യ നഗരമെന്ന പദവി ദുബായ് നേടും.
300 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കുന്ന ചെറുവിമാനത്തിന്‍റെ മാതൃകയിലുളള ടാക്സികളാകും സേവനം നല്‍കുക. പൈലറ്റിന് പുറമെ നാല് യാത്രക്കാർക്ക് ടാക്സിയില്‍ കയറാനാകും. ദുബായ് വിമാനത്താവളത്തിന് സമീപം ഡൗൺടൗൺ ദുബായ്, പാം ജുമൈറ, ദുബായ് മറീന മേഖലകളെ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടത്തില്‍പദ്ധതി നടപ്പിലാവുക.