ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മലയാളി വ്യവസായി അറസ്റ്റില്‍. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അരുണ്‍ രാമചന്ദ്ര പിള്ളയാണ് അറസ്റ്റിലായത്.
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയാണ് അരുണ്‍ രാമചന്ദ്ര പിള്ളയെ ഇ.ഡി കസ്റ്റഡിയിലെടുത്തത്. ദക്ഷിണേന്ത്യന്‍ മദ്യനിര്‍മാതാക്കളുടെ ഗ്രൂപ്പിലെ പ്രധാനിയാണ് അരുണ്‍ രാമചന്ദ്ര പിള്ള എന്നാണ് ഇ.ഡിയുടെ ആരോപണം.
കേസിലെ മറ്റൊരു പ്രതിയായ സമീര്‍ മഹേന്ദ്രുവില്‍ നിന്ന് കോഴ കൈപ്പറ്റി മറ്റൊരു പ്രതിക്ക് കൈമാറിയത് അരുണ്‍ രാമചന്ദ്ര പിള്ളയാണെന്നും ഇ.ഡി വാദിക്കുന്നു. ഇന്‍ഡോ സ്പിരിറ്റിന്റെ മാനേജിങ് ഡയറക്ടറാണ് സമീര്‍ മഹേന്ദ്രു. പ്രമുഖ കമ്പനികളുടെ ഇടപെടലായ കാര്‍ട്ടലൈസേഷനിലൂടെ ഇന്‍ഡോ സ്പിരിറ്റ് 68 കോടി രൂപയാണ് ലാഭം നേടിയത്.
ഇതില്‍ 29 കോടി രൂപ അരുണ്‍ രാമചന്ദ്ര പിള്ളയുടെ ബാങ്ക് അക്കൗണ്ടിലേക്കും ബന്ധപ്പെട്ട മറ്റു അക്കൗണ്ടുകളിലേക്കും മാറ്റി. ഇതിന് പുറമേ ഇന്‍ഡോ സ്പിരിറ്റില്‍ അരുണ്‍ രാമചന്ദ്ര പിള്ളയ്ക്ക് 32.5 ശതമാനം ഓഹരി പങ്കാളിത്തം നല്‍കിയതായും ഇ.ഡി കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് അരുണിന്റെ ഹൈദരാബാദിലെ വീട്ടില്‍ റെയ്ഡ് നടത്തുകയും രേഖകളുടെ അടിസ്ഥാനത്തില്‍ അരുണിന്റെ വസ്തുവകകള്‍ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഹൈദരാബാദില്‍ അരുണ്‍ രാമചന്ദ്ര പിള്ളയുടെ പേരിലുള്ള 2.25 കോടിയുടെ ആസ്തിയാണ് ഇത്തരത്തില്‍ ഇ.ഡി കണ്ടുകെട്ടിയത്.