ദുബായ്:കുട്ടികളെ സ്കൂളില്‍ അയക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും രക്ഷിതാക്കള്‍ക്ക് ഇനി ടാക്സി സേവനം ഉപയോഗിക്കാം. നേരത്തെ ബുക്ക് ചെയ്താല്‍ എല്ലാ ദിവസവുമെന്നതരത്തില്‍ ടാക്സി സേവനം പ്രയോജനപ്പെടുത്താമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. സ്കൂള്‍ ബസ് സേവനം ലഭ്യമല്ലാത്ത ഇടങ്ങളില്‍ രക്ഷിതാക്കള്‍ക്ക് സേവനം ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍.
ദുബായ് ടാക്സി കോർപ്പറേഷന്‍ (ഡിടിസി) മുഖേനയാണ് ടാക്സി ബുക്ക് ചെയ്യേണ്ടത്. എല്ലാ ദിവസവും സേവനം ആവശ്യമെങ്കില്‍ ആ രീതിയിലും ആഴ്ചയിലോ മാസത്തിലോ ആണ് വേണ്ടതെങ്കില്‍ ആ രീതിയിലും ടാക്സി ബുക്ക് ചെയ്യാം. ഡിടിസി ആപ്പില്‍ ഇന്‍ സേഫ് ഹാന്‍ഡ് സർവ്വീസ് ഓപ്ഷനിലാണ് ടാക്സി സേവനത്തിനായി ബുക്ക് ചെയ്യേണ്ടത്. ആപ്പിള്‍ സ്റ്റോറിലും പ്ലേസ്റ്റോറിലും ആപ്പ് ലഭ്യമാണ്.
ടാക്സി സേവനത്തിന്‍റെ സുരക്ഷ വർദ്ധിപ്പിക്കുകയും ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ മേഖലകളിലേക്ക് സൗകര്യം വിപുലീകരിക്കുകയും ചെയ്യുകയെന്നുളള ലക്ഷ്യത്തോടെയാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.