ന്യൂഡല്‍ഹി: രാജ്യത്ത് എച്ച്3എന്‍2 ഇന്‍ഫ്‌ളുവെന്‍സ വൈറസ് ബാധിച്ച് രണ്ട് മരണം. ഹരിയാനയിലും കര്‍ണാടകയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വ്യാപകമായ പനിക്കും മറ്റ് വൈറല്‍ രോഗങ്ങള്‍ക്കും കാരണമാകുന്നതാണ് എച്ച്3എന്‍2 ഇന്‍ഫ്‌ളുവെന്‍സ വൈറസ്.
രാജ്യത്ത് നിലവില്‍ എച്ച്3എന്‍2 വൈറസ് ബാധിച്ച 90 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമേ എട്ട് എച്ച്1എന്‍1 ഇന്‍ഫ്‌ലുവെന്‍സ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അടിക്കടിയായി വരുന്ന പനിക്കും ചുമയ്ക്കും പിന്നില്‍ ഇന്‍ഫ്‌ളുവന്‍സ Aയുടെ ഉപവിഭാഗമായ എച്ച്3എന്‍2 വൈറസ് ആണെന്ന് കഴിഞ്ഞ ദിവസം ഐ.സി.എം.ആര്‍ വ്യക്തമാക്കിയിരുന്നു. ഇന്‍ഫ്‌ളുവന്‍സ കേസുകളില്‍ വന്‍ വര്‍ധനവാണ് കാണുന്നത്.
പനി, ചുമ, ശരീരവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളാണ് പലര്‍ക്കുമുള്ളത്.