ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കോടതി ഏഴു ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. പത്ത് ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി ആവശ്യപ്പെട്ടത്. എന്നാല്‍ ഡല്‍ഹി പ്രത്യേക കോടതി ഏഴു ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് 21 ലേക്ക് മാറ്റി.
മദ്യനയ അഴിമതിക്കേസില്‍ സി.ബി.ഐ നേരത്തെ അറസ്റ്റു ചെയ്ത സിസോദിയയുടെ അറസ്റ്റ് കഴിഞ്ഞ ദിവസമാണ് ഇഡി രേഖപ്പെടുത്തിയത്. സി.ബി.ഐ കേസില്‍ സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കവെയാണ് ഇഡിയുടെ അറസ്റ്റ്.
അതേസമയം മദ്യനയക്കേസില്‍ 292 കോടിയുടെ അഴിമതി നടന്നുവെന്ന് ഇ.ഡി പ്രത്യേക കോടതിയില്‍ വ്യക്തമാക്കി. സാമ്പത്തിക സ്രോതസ് അടക്കമുള്ളവ കണ്ടെത്താന്‍ സിസോദിയയെ കസ്റ്റഡിയില്‍ വേണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ടെന്നും സിസോദിയയുടെ സാന്നിദ്ധ്യത്തില്‍ അവരെ ചോദ്യം ചെയ്യണമെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സിസോദിയയുടെ അറസ്റ്റെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.