ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് ഉറപ്പു നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി.
ഇരുനേതാക്കളും തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ നയതന്ത്രതല ചര്‍ച്ചയില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അല്‍ബനീസിന്റെ പ്രതികരണം.
വ്യാപാരം, പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും പ്രധാനമായി ചര്‍ച്ച നടത്തിയത്. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് കരാര്‍ കൈമാറ്റ ചടങ്ങില്‍ മോഡിയും അല്‍ബനീസും പറഞ്ഞു.
സാമ്പത്തിക രംഗത്തെ സഹകരണത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. ആഗോള സുരക്ഷ സംബന്ധിച്ചും ചര്‍ച്ച നടന്നു. ധാതു കൈമാറ്റ രംഗത്തെ സഹകരണം വര്‍ധിപ്പിക്കുമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. നരേന്ദ്ര മോഡിയെ ആന്തണി അല്‍ബനീസ് ഓസ്‌ട്രേലിയയിലേക്ക് ക്ഷണിച്ചു.