ന്യൂഡല്‍ഹി: നല്ല ഉദ്ദേശത്തോടെയാണ് എംപിമാര്‍ക്ക് നോട്ടീസ് നല്‍കിയതെന്നും പ്രശ്‌നം രമ്യമായി പരിഹരിച്ചെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കത്തിനാണ് യോഗം വിളിച്ചത്. യോഗത്തില്‍ എംപിമാര്‍ക്ക് നല്‍കിയ നോട്ടീസിന്റെ കാര്യങ്ങള്‍ സംസാരിച്ചെന്നും കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് തീര്‍ക്കുമെന്നും രാഷ്ട്രീയ കാര്യ സമിതി ഉടന്‍ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതൃത്വം വിളിച്ച യോഗത്തിന് ശേഷമായിരുന്നു കെ. സുധാകരന്റെ പ്രതികരണം.
കെ. സുധാകരനും എംപിമാരും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ കെ.സി വേണുഗോപാല്‍ വിളിച്ച യോഗത്തില്‍ രൂക്ഷമായ വാക്‌പോര് നടന്നെന്നാണ് വിവരം. നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട് യോഗത്തില്‍ കെ. സുധാകരന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. അതേസമയം സുധാകരന്റെ നേതൃത്വം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് കെ. മുരളീധരനും എം.കെ രാഘവനും കുറ്റപ്പെടുത്തി.