ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി; ഹര്‍ജി തള്ളി

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി; ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഭക്ഷണത്തിന് വേണ്ടി ലബോറട്ടറികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാംസം ഉപയോഗിക്കണമെന്നും മൃഗങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് വാദം കേട്ട ശേഷമാണ് നടപടി.

മൃഗങ്ങള്‍ക്കെതിരായ അതിക്രമം നിരോധിക്കുന്ന നിയമം മൃഗങ്ങളെ ഭക്ഷണത്തിന് വേണ്ടി കൊല്ലുന്നത് അനുവദിക്കുന്നുണ്ടെന്ന് ജസ്റ്റിസ് കെ.എം ജോസഫ് ചൂണ്ടിക്കാട്ടി. അങ്ങനെയുള്ള നിയമ നിര്‍മാണത്തിന് വിരുദ്ധമായ ഒരു നയം എങ്ങനെ സ്വീകരിക്കാനാകുമെന്ന് കോടതി ചോദിച്ചു.

രാജ്യത്തെ മാംസം ഭക്ഷിക്കുന്ന വലിയ ജന വിഭാഗത്തെ പരിഗണിക്കുമ്പോള്‍ മാംസ ഭക്ഷണം നിരോധിക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. എന്നാല്‍, നിരോധിക്കണമെന്ന ആവശ്യമല്ല ഉയര്‍ത്തുന്നതെന്നും ലാബില്‍ നിര്‍മിക്കുന്ന മാംസം പോലെ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നാണ് ആവശ്യമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഹര്‍ജി നല്‍കാന്‍ വിഷയം ആരുടെ മൗലികാവകാശത്തെയാണ് ബാധിക്കുന്നതെന്ന് കോടതി ചോദിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍ദേശിക്കുന്നതായും കോടതി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.