കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധന. വിവിധ സംസ്ഥാനങ്ങളിൽ പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് ഉയർന്നത്. 17 ദിവസത്തിനിടെ പതിമൂന്നാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. പെട്രോൾ വിലയിൽ രണ്ടു രൂപ 47 പൈസയും ഡീസൽ വിലയിൽ മൂന്ന് രൂപ 44 പൈസയുമാണ് ഇതുവരെ വർധിച്ചത്. സംസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 85.13 രൂപയും ഡീസലിന് 79.09 രൂപയുമാണ് വില.
വിവിധ ജില്ലകളുടെ കണക്കെടുത്ത് നോക്കുമ്പോൾ തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 85.13 രൂപയും ഡീസലിന് 79.07 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 83.29 രൂപയാണ് വില. ഡീസലിന് 77.32 രൂപയും. കോഴിക്കോട് 83.64 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 77.68 രൂപയും.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 83.13 രൂപയായി. ഡീസലിന് 73.32 രൂപയാണ് വില. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 89.78 രൂപയും ഡീസലിന് 79.93 രൂപയുമാണ് ഇന്നത്തെ വില. വരും ദിവസങ്ങളിലും ഇന്ധനവില വർധവ് തുടരുമെന്നാണ് റിപ്പോർട്ട്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലക്കയറ്റമാണ് ഇന്ധനവില ഉയരാൻ കാരണം.
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. ഇന്ന് ഒരു ബാരൽ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) ഇന്ന് 49.03 ഡോളറാണ് വില. 73.80 രൂപയിലാണ് ഇന്ന് ഡോളർ വിനിമയം നടക്കുന്നത്.