യുഎഇയില്‍ കോഴിയ്ക്കും കോഴിമുട്ടയ്ക്കും വില കൂടി

യുഎഇയില്‍ കോഴിയ്ക്കും കോഴിമുട്ടയ്ക്കും വില കൂടി

ദുബായ്:യുഎഇയില്‍ കോഴി ഉല്‍പന്നങ്ങളുടെയും മുട്ടയുടെയും വില വർദ്ധിപ്പിക്കാന്‍ യുഎഇയുടെ സാമ്പത്തിക മന്ത്രാലയം അനുമതി നല്‍കി. വില വർദ്ധിപ്പിക്കുന്നത് താൽക്കാലികമാണെന്നും ആറ് മാസത്തിനുള്ളിൽ നടപടി വിലയിരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
മേഖലയിലെ ലാഭ നഷ്ടക്കണക്കുകള്‍ പഠിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഉൽപ്പാദനവും ഷിപ്പിംഗ് ചെലവും ഉയർന്നതും കാലിത്തീറ്റ പോലുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയിലുണ്ടായ വില വർദ്ധനയും മാണ് മേഖലയിലെ ചെലവ് കൂട്ടിയത്. 13 മുതല്‍ 20 ശതമാനം വരെ വില വർദ്ധിപ്പിക്കാമെന്നാണ് തീരുമാനം. എന്നാല്‍ ഈ മാസം ആദ്യം പുറത്തിറക്കിയ പ്രമേയം അനുസരിച്ച് വില വർദ്ധന 13 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ആഗോളപണപ്പെരുപ്പത്തില്‍ നിന്നും മേഖലയെ സംരക്ഷിക്കാനാണ് തീരുമാനമെന്നും വിപണിയിൽ വില സ്ഥിരവും ന്യായ യുക്തവുമായി തുടരുമെന്ന് ഉറപ്പാക്കുമെന്നും എംഒഇ വ്യക്തമാക്കി. ആറ് മാസം സ്ഥിതിഗതികള്‍ വിലയിരുത്തും. ആറ് മാസത്തിന് ശേഷം വിപണിയില്‍ പുരോഗതിയുണ്ടെങ്കില്‍ വില വർദ്ധനവ് റദ്ദാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.