പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍. പോപ്പുലര്‍ ഫ്രിന്റെ അനുബന്ധ സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനവും ശരിവച്ചു. ജസ്റ്റിസ് ദിനേഷ് കുമാര്‍ അധ്യക്ഷനായ ട്രൈബ്യൂണലിന്റേതാണ് നടപടി.

കഴിഞ്ഞ സെപ്തംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ വിമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് അടക്കമുള്ള എട്ട് അനുബന്ധ സംഘടനകളും നിരോധിച്ചിരുന്നു. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി.

നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പു പ്രകാരമായിരുന്നു നടപടി. ഇതിനു പിന്നാലെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സംഘടന ഭീകര പ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും നടത്തിയെന്നാണ് നിരോധന ഉത്തരവില്‍ ഉണ്ടായിരുന്നത്. പോപ്പുലര്‍ ഫ്രണ്ട് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും സംഘടനയ്ക്ക് ഐ.എസ് അടക്കമുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.