ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി വരുന്ന ജനുവരി മുതല്‍ നടപ്പാക്കിയേക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. പശ്ചിമ ബംഗാളില്‍ വെച്ചാണ് കൈലാഷിന്റെ പ്രഖ്യാപനം. സംസ്ഥാനത്തെ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് ബിജെപിയുടെയും കേന്ദ്രത്തിന്റെയും ലക്ഷ്യമെന്നും കൈലാഷ് പറഞ്ഞു.
വരുന്ന ജനുവരി മുതല്‍ അഭയാര്‍ത്ഥികള്‍ക്ക് സിഎഎയുടെ കീഴില്‍ പൗരത്വം നല്‍കിത്തുടങ്ങാമെന്നാണ് കരുതുന്നത്. സമീപ രാജ്യങ്ങളില്‍ നിന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുക എന്ന സത്യസന്ധമായ ഉദ്ദേശ്യം വെച്ചിട്ടാണ് കേന്ദ്രം പൗരത്വ നിയമഭേദഗതി നടപ്പിലാക്കിയത് എന്ന് വിജയവര്‍ഗിയ പറഞ്ഞു അതേസമയം, ബംഗാള്‍ ജനതയെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാദ് ഹക്കിം പറഞ്ഞു.