ന്യൂഡല്‍ഹി: തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നത് ആലോചിച്ചുകൂടേയെന്ന് സുപ്രീം കോടതി. തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരമായ നടപടിയല്ലേയെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ബദല്‍ മാര്‍ഗത്തെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കണമെന്നും നിര്‍ദേശിച്ചു.
തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷണം നടത്തിയത്. അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണ്. തൂക്കിലേറ്റുമ്പോള്‍ അത് നഷ്ടമാകും. അതിനാല്‍ തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള വേദന കുറഞ്ഞ സാധ്യതകള്‍ കൂടി ആരായണമെന്ന് കോടതി വാക്കാല്‍ നിര്‍ദേശിച്ചു.
വെടിവച്ചു കൊല്ലുക, ഇന്‍ജക്ഷന്‍ നല്‍കി കൊല്ലുക തുടങ്ങിയ ബദല്‍ മാര്‍ഗങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു പ്രത്യേക രീതിയില്‍ വധശിക്ഷ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കട്ടരമണി കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജിയില്‍ മേയ് രണ്ടിന് തുടര്‍വാദം കേള്‍ക്കും.