ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി. രാജ്യത്തെ തൊഴില്‍ വിപണികള്‍ മോശമായതിനാല്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ മാര്‍ച്ചില്‍ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.8 ശതമാനമായെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2022 ഡിസംബറില്‍ 8.30 ശതമാനമായി ഉയര്‍ന്നെങ്കിലും ഈ വര്‍ഷം ജനുവരിയില്‍ 7.14 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ ഇത് 7.45 ശതമാനമായി ഉയര്‍ന്നതായാണ് ശനിയാഴ്ച സിഎംഐഇ പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
മാര്‍ച്ചില്‍ നഗരപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് 8.4 ശതമാനമായപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ 7.5 ശതമാനമായി.
ഇന്ത്യയുടെ തൊഴില്‍ വിപണികള്‍ 2023 മാര്‍ച്ചില്‍ വഷളായി. ഫെബ്രുവരിയില്‍ 7.5 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ചില്‍ 7.8 ശതമാനമായി. തൊഴില്‍ പങ്കാളിത്ത നിരക്ക് 39.9 ശതമാനത്തില്‍ നിന്ന് 39.8 ശതമാനത്തിലേക്ക് ഇടിഞ്ഞതാണ് ഇതിന് കാരണമെന്ന് സിഎംഐഇ മാനേജിംഗ് ഡയറക്ടര്‍ മഹേഷ് വ്യാസ് പിടിഐയോട് പറഞ്ഞു.
സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നിരക്ക് ഹരിയാന (26.8 ശതമാനം) യിലാണ്. രാജസ്ഥാനില്‍ 26.4 ശതമാനവും ജമ്മു കശ്മീരില്‍ 23.1 ശതമാനവും സിക്കിം 20.7 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. ബിഹാറില്‍ 17.6 ശതമാനവും ജാര്‍ഖണ്ഡ് 17.5 ശതമാനവും പേര്‍ക്ക് തൊഴിലില്ല.
ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്ക് 0.8 ശതമാനമുള്ള ഉത്തരാഖണ്ഡിലും ഛത്തീസ്ഗഡിലുമാണ്. പുതുച്ചേരി 1.5 ശതമാനം, ഗുജറാത്ത് 1.8 ശതമാനം, കര്‍ണാടക 2.3 ശതമാനം, മേഘാലയ, ഒഡീഷ എന്നിവിടങ്ങളില്‍ 2.6 ശതമാനം വീതവുമാണ് തൊഴിലില്ലായ്മ നിരക്കുള്ളത്.