മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ ഇടവകയില്‍ നടന്ന ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്ക് ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ നേതൃത്വം നല്‍കുന്നു
മെല്‍ബണ്‍: ഉയിര്‍പ്പു ഞായര്‍ ദിനത്തില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ദിവ്യബലി അര്‍പ്പിക്കും. ദുഖവെള്ളി ദിനത്തിലും ഇതേ കത്തീഡ്രലില്‍ പീഡാനുഭവ അനുസ്മരണ തിരുക്കര്‍മങ്ങള്‍ക്ക് ബിഷപ്പ് നേതൃത്വം നല്‍കും.
പെസഹാ വ്യാഴാഴ്ച്ച സെന്റ് മേരീസ് മെല്‍ബണ്‍ വെസ്റ്റ് ഇടവകയിലാണ് ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ ശുശ്രൂഷകള്‍ നടക്കുന്നത്.
വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ച് സൗത്ത് ഈസ്റ്റ് മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ ഇടവകയില്‍ നടന്ന ഓശാനത്തിരുനാള്‍ ശുശ്രൂഷകള്‍ക്കും ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ നേതൃത്വം നല്‍കി. ആയിരത്തിലധികം വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. കുരുത്തോലകളുമായി വിശ്വാസി സമൂഹം പള്ളി അങ്കണത്തില്‍ പ്രദക്ഷിണം നടത്തി.
കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയിലെ പള്ളികളില്‍ ഇത്ര വിപുലമായ രീതിയില്‍ വിശുദ്ധ വാരാചരണം നടക്കുന്നത്.