ജമ്മു കാശ്മീരില്‍ വീണ്ടും വന്‍ ഹെറോയിന്‍ വേട്ട; 70 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പാക് പൗരന്മാര്‍ പിടിയില്‍

ജമ്മു കാശ്മീരില്‍ വീണ്ടും വന്‍ ഹെറോയിന്‍ വേട്ട; 70 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി പാക് പൗരന്മാര്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വന്‍ ഹെറോയിന്‍ വേട്ട. രാജ്യാന്തര വിപണിയില്‍ 70 കോടി രൂപ വിലമതിക്കുന്ന 11 കിലോ ഹെറോയിനാണ് പൊലീസ് പിടിച്ചെടുത്തത്. പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 11,82,500 രൂപയും പിടിച്ചെടുത്തു.

കാശ്മീര്‍ പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഹെറോയിന്‍ വേട്ടയുടെ വിവരം പുറത്തുവിട്ടത്.

രഹസ്യ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കള്ളക്കടത്തുകാരായ സജ്ജാദ് അഹമ്മദ് ബദാന, സഹീര്‍ അഹമ്മദ് തഞ്ച് എന്നീ പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയിലാകുന്നത്. കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളും ഗുലാം മുഹമ്മദ് ദാര്‍ ആര്‍/ഒ കുര്‍സൂ രാജ്ബാഗിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് കയറ്റുമതി പാകിസ്ഥാനില്‍ നിന്നാണെന്ന് കണ്ടെത്തി. കേസ് വളരെ വിശദമായി അന്വേഷിക്കുകയാണെന്ന് കാശ്മീര്‍ എഡിജിപി അറിയിച്ചു. ജമ്മു കാശ്മീരിന്റെയും പഞ്ചാബിന്റെയും അതിര്‍ത്തികളിലൂടെ ഇന്ത്യയിലേയ്ക്ക് പാകിസ്ഥാന്‍ വന്‍ തോതില്‍ മയക്കു മരുന്ന് കടത്താന്‍ ശ്രമിക്കുന്നുണ്ട്.

ബിഎസ്എഫിന്റെയും മറ്റ് സുരക്ഷാ ഏജന്‍സികളുടെയും സഹായത്തോടെ ഇന്ത്യ മയക്കുമരുന്ന് മാഫിയയെ തടയാന്‍ തീവ്രമായ ശ്രമം നടത്തുകയാണ്. അടുത്തിടെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) ഡാര്‍ക്ക്നെറ്റിലും ക്രിപ്റ്റോകറന്‍സികളിലും മയക്കുമരുന്ന് വ്യാപാരം നടത്തിയ ഒരു ആഗോള ക്രിമിനല്‍ ഓര്‍ഗനൈസേഷനെ തകര്‍ത്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.