ന്യൂഡൽഹി; ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ക്രിസ്ത്യൻ ദേവാലയമായ ഗോൾഡഖാന പള്ളി സന്ദർശിക്കും. നാളെ വൈകിട്ട് 5 മണിയോടെയാണ് പ്രധാനമന്ത്രി പള്ളിയിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത്, മലയാളി പുരോഹിതർ അടക്കമുള്ളവർ പള്ളിയിലെ ചടങ്ങിൽ പങ്കെടുക്കും.
ഇതാദ്യമായാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ ദേവാലയം സന്ദർശിക്കുന്നത്. ഡൽഹിയിലെ ഗോൾഡഖാന പള്ളിയും ഹോസ്ഗാസ് ദേവാലയുവുമാണ് പ്രധാനമന്ത്രി സന്ദർശനത്തിനായി പരിഗണിച്ചിരുന്നത്. ഇതിൽ നിന്നാണ് ഗോൾഡഖാന പള്ളി തെരഞ്ഞെടുത്തത്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഗോൾഡഖാന ദേവാലയത്തിലേക്കുള്ള ദൂരം, ചരിത്ര പ്രാധാന്യം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്.പ്രാഥമികമായി നടത്തേണ്ട സുരക്ഷാ പരിശോധന പൂർത്തിയായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.
ഈ ആഴ്ച്ച തന്നെയായിരുന്നു മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കത്തോലിക്കാ ബാവ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. നാളെ വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കത്തോലിക്കാ ബാവയും ഫരീദാബാദ് രൂപതാ അധ്യക്ഷൻ മാർ കുര്യാക്കോസും പങ്കെടുക്കമെന്നാണ് സൂചന