ന്യൂഡല്‍ഹി: ബെംഗളൂരു സ്ഫോടന കേസ് പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യ വ്യവ്യസ്ഥയില്‍ ഇളവനുവദിച്ച് കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക ഭീകരവിരുദ്ധ സെല്‍. രാജ്യത്തിന്റെ സുരക്ഷയേയും അഖണ്ഡതയേയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദാനിയെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
കര്‍ണാടക ഭീകരവിരുദ്ധ സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സുമീത് ആണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചാല്‍ മദനി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. കേസില്‍ ഇനിയും പിടികിട്ടാനുള്ള ആറ് പ്രതികള്‍ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക ഭീകരവിരുദ്ധ സെല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബെംഗളൂരു സ്ഫോടനക്കേസിലെ വിചാരണ പൂര്‍ത്തിയായെങ്കില്‍ കേസിലെ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൂടെയെന്ന് സുപ്രീം കോടതി നേരത്തെ ആരാഞ്ഞിരുന്നു. മദനിയുടെ ആവശ്യം ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും.