ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ ആംആദ്മിക്കെതിരെ വീണ്ടും കുരുക്ക് മുറുക്കി സിബിഐ. കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐ നോട്ടീസ് അയച്ചു. ഞായാറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇന്ന് വൈകീട്ടോടെയാണ് നോട്ടീസ് അയച്ചത്.
കേസില്‍ നേരത്തെ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതിയായ ആംആദ്മി പാര്‍ട്ടി ഐ.ടി വിഭാഗം മേധാവി വിജയ് നായര്‍ മനീഷ് സിസോദിയയുടേയും അരവിന്ദ് കെജ്രിവാളിന്റേയും പ്രതിനിധിയായാണ് സൗത്ത് ഗ്രൂപ്പുമായി ചര്‍ച്ചകളില്‍ പങ്കെടുത്തത് എന്ന് ആരോപിച്ചിരുന്നു.
ഇതു സംബന്ധിച്ച് ചില തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും സിബിഐ അവകാശപ്പെട്ടിരുന്നു. വിവാദ മദ്യനയം ഇവരുടെ ആശയമായിരുന്നെന്നും സിബിഐ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
എന്നാല്‍ നോട്ടീസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.