ധാര്‍ : കോവിഡ് -19 ബാധിച്ച് ആശുപത്രിയില്‍ മരിച്ചതായി പ്രഖ്യാപിച്ചതിന് ശേഷം കുടുംബാംഗങ്ങള്‍ അന്ത്യകര്‍മങ്ങള്‍ നടത്തിയ കമലേഷ് പതിദാര്‍ (35) വീണ്ടും പ്രിയപ്പെട്ടവരുടെ അടുത്തേക്കെത്തി. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ധാര്‍ ജില്ലയിലായിരുന്നു സംഭവം.യുവാവ് മരിച്ചെന്ന കരുതി അന്ത്യകര്‍മങ്ങള്‍ നടത്തി ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം തന്റെ വീട്ടിലേക്ക് തിരികെ എത്തിയത്. മരണവുമായി കമലേഷിന്റെ കുടുംബം പൊരുത്തപ്പെട്ടപ്പോഴാണ് നിനച്ചിരിക്കാത്ത നേരത്തുള്ള തിരിച്ചുവരവ്.
ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുമാണ് അദ്ദേഹം സ്വന്തം നാടായ മധ്യപ്രദേശിലെ ധര്‍ ഗ്രാമത്തിലേക്ക് തിരികെ എത്തിയത്. 2021ല്‍ കൊറോണ പിടിപെട്ട അദ്ദേഹത്തെ ഗുജറാത്തിലെ വഡോദരയിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.
അന്ന് മരിച്ചെന്ന് സ്ഥരീകരിച്ച കമലേഷിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ വീട്ടുകാര്‍ക്ക് കൈമാറുകയും കുടുംബാംഗങ്ങള്‍ മതാചാരപരമായ അന്ത്യകര്‍മങ്ങള്‍ നടത്തിയെന്നും ബന്ധു മുകേഷ് പതിദാര്‍ പറഞ്ഞു. കമലേഷ് പതിദാര്‍ തിരിച്ചു വന്ന സ്ഥിതിക്ക് അന്ന് ഇയാള്‍ക്ക് പകരം ആരാണ് മരിച്ചതെന്നുള്ള ചോദ്യത്തിന് ഇനി ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.