മുംബൈ: അജിത് പവാറിന്റെ നേതൃത്വത്തിൽ എൻസിപിയിൽ വിമത നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി പാർട്ടി അധ്യക്ഷൻ ശരദ് പവാർ. ആരും എൻസിപി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടില്ല. അജിത് പവാർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളിൽ മാത്രമാണ് ഇത്തരമൊരു പിളർപ്പ് അഭ്യൂഹങ്ങൾ ഉള്ളതെന്നും യഥാർത്ഥത്തിൽ അത്തരമൊരു നീക്കം ഇല്ലെന്നും ശരദ് പവാർ പറഞ്ഞു.
പൂനയിൽ സംഘടിപ്പിക്കുന്ന മഹാവികാസ് അഘാഡിയുടെ വിജയാമൃത് റാലിയിൽ പങ്കെടുക്കുന്നതിൽ നിന്ന് അജിത് പവാർ വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെയാണ് എൻസിപി പിളർപ്പിലേക്കെന്ന അഭ്യൂഹം ശക്തമായത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയും മുൻ അധ്യക്ഷനും മന്ത്രിയുമായ ചന്ദ്രകാന്ത്പാട്ടീലും തിരക്കിട്ട് ഡൽഹിയിലേക്ക് പോയതും ഇതിന് ശക്തിപകർന്നു.
മഹാരാഷ്ട്രയിൽ 15 എം.എൽ.എമാരോടൊപ്പം അജിത്പവാർ ബി.ജെ.പി പക്ഷത്തേക്ക് മാറിയേക്കുമെന്നാണ് പ്രചരിക്കുന്നത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയോടൊപ്പം ശിവസേനയിൽ വിമത പ്രവർത്തനം നടത്തിയ 16 എം.എൽ.എമാരെ സുപ്രീം കോടതി അയോഗ്യരാക്കിയാൽ ബദൽ എന്ന നിലയിൽ അജിത് പവാറിനേയും കൂടെയുള്ള എം.എൽ.എമാരേയും ബി.ജെ.പി ഒരുക്കി നിർത്തിയിരിക്കുന്നുവെന്നാണ് അഭ്യൂഹം.
അജിത്പവാർ മുഖ്യമന്ത്രിയായേക്കുമെന്നുവരെ പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച നാഗ്പ്പുരിൽ നടന്ന വിജയാമൃത് റാലിയിൽ അജിത്പവാർ മഹാ വികാസ് അഘാഡി നേതാക്കളായ ഉദ്ധവ് താക്കറേ, നാനാ പട്ടോളെ എന്നിവരോടൊപ്പം വേദി പങ്കിട്ടിരുന്നു. എന്നാൽ അദ്ദേഹം റാലിയെ അഭിസംബോധന ചെയ്തില്ല.