റിയാദ്: സൗദി അറേബ്യയിലേക്ക് വരുന്നവരോ രാജ്യത്ത് നിന്ന് പോകുന്നവരോ 60000 റിയാലോ അതില്‍ കൂടുതല്‍ വിലമതിക്കുന്ന പണമോ വിലപിടിപ്പുളള ലോഹങ്ങളോ കൈവശമുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്ന് നിർദ്ദേശം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ കൈവശമുളള വസ്തുക്കളുടെ മൂല്യത്തിന്‍റെ 50 ശതമാനം വരെ പിഴ ഈടാക്കുമെന്നും രാജ്യത്തെ സക്കാത്ത് ടാക്സ് ആന്‍റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
പിടിച്ചെടുത്ത വസ്തുക്കള്‍ കളളപ്പണമാണെന്നോ കുറ്റകൃത്യവുമായി ബന്ധപ്പെട്ടുളളതാണെന്നോ സംശയം തോന്നിയാല്‍ അവ പൂർണമായും കണ്ടുകെട്ടും. രാജ്യത്തെ കളളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം അനുസരിച്ച് കൈവശം വച്ചയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
അന്താരാഷ്ട്ര യാത്രക്കാർ 60,000 റിയാലോ അതിലധികമോ പണവും വിലയേറിയ ലോഹങ്ങളും ഡിക്ലയർ ചെയ്യേണ്ടതിന്‍റെ ആവശ്യകതയും അധികൃതർ ഓർമ്മിപ്പിച്ചു. സ്‌മാർട്ട്‌ഫോണുകളിലെ ആപ്പ് വഴിയോ അല്ലെങ്കിൽ വെബ്‌സൈറ്റ് വഴിയോ ഡിക്ലറേഷൻ ചെയ്യാം. സൗദിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും നിർദ്ദേശത്തില്‍ പറയുന്നു.