ന്യൂഡൽഹി: ദേശീയ പുഷ്പമായ താമര ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹർജി. ഒരു രാഷ്ട്രീയ പാർട്ടിയും അതിന്റെ പ്രതീകമായി താമര ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. ഇതുവഴി രാഷ്ട്രീയ പാര്ട്ടിക്ക് അനാവശ്യമായ നേട്ടം ലഭിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.
ഹർജിയിൽ മറുപടി സമർപ്പിക്കാൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾ ചിഹ്നങ്ങളുടെ ഉപയോഗം തെരഞ്ഞെടുപ്പിൽ മാത്രം പരിമിതപ്പെടുത്തണമെന്നും ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ പാർട്ടിയുടെ ലോഗോയായി ഉപയോഗിക്കാൻ അവരെ അനുവദിക്കരുതെന്നും പൊതുതാല്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഗോരഖ്പൂര് ജില്ലയിലെ കാളിശങ്കറാണ് പൊതുതാല്പര്യ ഹർജി സമർപ്പിച്ചത്.