അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും വധം: ഇന്ത്യയ്ക്കെതിരെ ആക്രമണ ഭീഷണിയുമായി അല്‍ ഖ്വയ്ദ

അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും വധം: ഇന്ത്യയ്ക്കെതിരെ ആക്രമണ ഭീഷണിയുമായി അല്‍ ഖ്വയ്ദ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗുണ്ടാസംഘ തലവനും മുന്‍ എംപിയുമായ അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും കസ്റ്റഡിയിലിരിക്കെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി തീവ്രവാദ സംഘടന അല്‍ ഖ്വയ്ദ ഇന്‍ ഇന്ത്യന്‍ കോണ്ടിനെന്റ് (എക്യുഐഎസ്).

അതിഖിനെയും അഷ്റഫിനെയും 'രക്തസാക്ഷികള്‍' എന്ന് വിശേഷിപ്പിച്ച ഭീകര സംഘടന ഇതില്‍ പ്രതികാരം ചെയ്യുമെന്ന് ഈദ് സന്ദേശത്തില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അല്‍ ഖ്വയ്ദയുടെ പ്രചരണ മാധ്യമ വിഭാഗമായ അസ്-സാഹബ് പുറത്തിറക്കിയ ഏഴ് പേജുള്ള മാസികയില്‍, മുസ്ലിങ്ങളെ മോചിപ്പിക്കുമെന്ന് തീവ്രവാദികള്‍ വാഗ്ദാനം ചെയ്യുന്നു.

ഗുണ്ടാസംഘ തലവനില്‍ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും പോലീസ് ഉദ്യോഗസ്ഥര്‍ ശാരീരിക പരിശോധനയ്ക്കായി ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ മൂന്ന് പേര്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

രാത്രി പത്ത് മണിയോടെ സംഭവം നടക്കുമ്പോള്‍ രണ്ട് പേരും കൈവിലങ്ങണിഞ്ഞ നിലയില്‍ ആയിരുന്നു. ചുറ്റും മാധ്യമ പ്രവര്‍ത്തകരുമുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാനൊരുങ്ങവേയാണ് അതിഖ് അഹമ്മദ് തലയ്ക്ക് വെടിയേറ്റ് വീണത്. തൊട്ടു പിന്നാലെ സഹോദരന്‍ അഷ്‌റഫും വെടിയേറ്റ് വീണു. അക്രമികളെ സംഭവ സ്ഥലത്തു നിന്നു തന്നെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.