ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികള്‍ പട്ന ഹൈക്കോടതി സ്റ്റേ ചെയ്തു. മേയ് 16 വരെയാണ് എല്ലാ നടപടികളും സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിട്ടത്.
രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ കോലാറില്‍ നടത്തിയ മോഡി പരാമര്‍ശത്തിനെതിരേ രാജ്യസഭാ എംപി സുശീല്‍ കുമാര്‍ മോഡി നല്‍കിയ മാനനഷ്ടക്കേസിലാണ് ഹൈക്കോടതിയുടെ നടപടി.
തനിക്കെതിരായ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് സന്ദീപ് സിങ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഇതേ പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ച സാഹചര്യത്തില്‍ പ്ടന കോടതി കേസ് പരിഗണിക്കുന്നത് നിയമ വിരുദ്ധമാണെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.
കേസില്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച വിചാരണ കോടതിയില്‍ ഹാജരാകാന്‍ ഇരിക്കെയാണ് പട്‌ന ഹൈക്കോടതിയുടെ സ്റ്റേ. ഈ സാഹചര്യത്തില്‍ വിചാരണ കോടതിയില്‍ രാഹുലിന് ഹാജരാകേണ്ടതില്ല. കേസ് ഹൈക്കോടതി വീണ്ടും മേയ് 15ന് പരിഗണിക്കും.