തിരഞ്ഞെടുപ്പ് ചൂടിനിടെ ഹോട്ടലില്‍ കയറി ചൂടന്‍ ദോശ ചുട്ട് പ്രിയങ്ക ഗാന്ധി; വീഡിയോ

 തിരഞ്ഞെടുപ്പ് ചൂടിനിടെ ഹോട്ടലില്‍ കയറി ചൂടന്‍ ദോശ ചുട്ട് പ്രിയങ്ക ഗാന്ധി; വീഡിയോ

ബംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിരിക്കെ ഹോട്ടലില്‍ ചൂടന്‍ ദോശ ചുടുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വീഡിയോ വൈറല്‍.

അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കര്‍ണാടകയിലെത്തിയതായിരുന്നു പ്രിയങ്ക. മൈസൂരുവിലെ ഒരു ഹോട്ടലിന്റെ അടുക്കളയിലാണ് പ്രിയങ്ക ദോശ ചുട്ടത്. ദോശമാവ് കല്ലില്‍ ഒഴിക്കുന്നതിന്റെയും പരത്തി മറിച്ചിടുന്നതിന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഇന്ന് രാവിലെയാണ് നേതാക്കളായ ഡി.കെ ശിവകുമാര്‍, രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയവര്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി കര്‍ണാടകയിലെ പ്രമുഖ ഹോട്ടലായ മൈലാരിയില്‍ പ്രിയങ്ക എത്തിയത്. ദോശയും ഇഡ്ഡലിയുമായിരുന്നു അവര്‍ ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം കഴിച്ചതോടെ സ്വന്തമായി ഒരു ദോശ ചുട്ടുതിന്നാന്‍ പ്രിയങ്ക ആഗ്രഹം പ്രകടിപ്പിച്ചു.

തുടര്‍ന്ന് റെസ്റ്ററന്റ് ഉടമ പ്രിയങ്കയെ ഹോട്ടലിലെ അടുക്കളയിലേക്ക് കൊണ്ടുപോയി. ഒരു കൂട്ടം ദോശ തവയില്‍ ഒഴിച്ച് വട്ടത്തില്‍ പരത്തുന്നതില്‍ പ്രിയങ്ക വിജയിച്ചു. എന്നാല്‍ കൃത്യസമയത്ത് മറിച്ചിടാനാവാതെ വന്നതോടെ ദോശ അല്‍പം കരിയുകയും ചെയ്തു.

പ്രിയങ്ക പിന്നീട് ഹോട്ടല്‍ ഉടമയ്ക്കും കുടുംബത്തിനും നന്ദി പറയുകയും അവര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു. 224 അംഗ കര്‍ണാടക നിയമസഭയില്‍ മെയ് 10 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ മെയ് 13 ന് നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.