ഡല്‍ഹി: 19 മലയാളികളുമായി സുഡാനില്‍ നിന്നുള്ള ആദ്യ സംഘം ഡല്‍ഹിയിലെത്തി. 367 പേരുമായി സൗദി എയര്‍ലൈന്‍സ് വിമാനം ഒമ്പത് മണിയോടെയാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിയ സംഘം വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തില്‍ യാത്ര തുടരുകയായിരുന്നു.
ഓപ്പറേഷന്‍ കാവേരിയിലൂടെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ സംസ്ഥാന സര്‍ക്കാരിന്റെ ചിലവില്‍ കേരളത്തില്‍ എത്തിക്കുമെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് അറിയിച്ചു.
സുഡാനില്‍ കുടുങ്ങിയ 534 ഇന്ത്യക്കാരെ ചൊവ്വാഴ്ച്ചയാണ് ജിദ്ദയിലെത്തിച്ചത്. നേവിയുടെ ഐന്‍എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തില്‍ ജിദ്ദ തുറമുഖത്ത് ഇന്ത്യക്കാരെ സ്വീകരിച്ചു.