ബഹിരാകാശത്ത് നടന്ന ആദ്യ അറബ് സ്വദേശിയായി സുല്‍ത്താന്‍ അല്‍ നെയാദി

ബഹിരാകാശത്ത് നടന്ന ആദ്യ അറബ് സ്വദേശിയായി സുല്‍ത്താന്‍ അല്‍ നെയാദി

ദുബായ്: ബഹിരാകാശത്ത് നടക്കുന്ന ആദ്യത്തെ അറബ് സഞ്ചാരിയായി യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി. ഏകദേശം 7 മണിക്കൂർ ദൈർഘ്യമുളള ജോലികള്‍ പൂർത്തിയാക്കുന്നതിനായാണ് സഹയാത്രികനായ സ്റ്റീവന്‍ ബോവനൊപ്പം നെയാദി ബഹിരാകാശ നിലയത്തില്‍ നിന്ന് പുറത്തിറങ്ങിയത്. വെളളിയാഴ്ച വൈകീട്ട് 5.11 മുതലാണ് ദൗത്യം ആരംഭിച്ചത്.

സ്പേസ് സ്യൂട്ടുകള്‍ ബാറ്ററി പവറിലേക്ക് മാറ്റുകയാണ് ആദ്യ പടി. എക്സ്ട്രാ വെഹിക്കുലാർ മൊബിലിറ്റി യൂണിറ്റുകള്‍ എന്നറിയപ്പെടുന്ന സ്പേസ് സ്യൂട്ട് ധരിക്കാന്‍ സഹസഞ്ചാരികളായ ഫ്രാങ്ക് റൂബിയോയും വൂഡി ഹൂബർഗും സുല്‍ത്താനെ സഹായിച്ചു. അഭിനനന്ദനങ്ങള്‍ സൂല്‍ത്താന്‍, താങ്കളിന്ന് ചരിത്രം സൃഷ്ടിച്ചുവെന്ന് വൂഡി ഹൂബർഗ് പറഞ്ഞു.

എട്ട് തവണ ബഹിരാകാശ നടത്തം നടത്തിയിട്ടുളള സ്റ്റീവന്‍ ബോവനാണ് 5.40 ഓടെ ഹാച്ചില്‍ നിന്ന് ആദ്യം പുറത്തെത്തിയത്. ചുവപ്പ് വരകളുളള സ്യൂട്ടാണ് അദ്ദേഹം ധരിച്ചിരുന്നത്. ഇരുവരെയും തിരിച്ചറിയാനായാണ് വ്യത്യസ്തമായ സ്യൂട്ട് ധരിച്ചത്. ഇരുവരും സുരക്ഷിതമാണെന്ന് ഉറപ്പിച്ചതിന് ശേഷമാണ് ജോലികള്‍ ആരംഭിച്ചത്.

നാസയുടെ ഗ്രൗണ്ട് കണ്‍ട്രോള്‍ ടീമുമായി ഇരുവരും നിരന്തരബന്ധം പുലർത്തിയിരുന്നു.ഓക്സിജന്‍ നിലയും വെളളം തണുക്കുന്നതും ബാറ്ററിയുടെ പവറുമടക്കമുളള കാര്യങ്ങള്‍ ണ്ട് കണ്‍ട്രോള്‍ ടീം നിരീക്ഷിച്ചു. സോളാർ പാനലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇരുവരും വിജയകരമായി പൂർത്തിയാക്കി. അതേസമയം ഐഎസ്എസ് ആന്‍റിനെയില്‍ ഘടിപ്പിച്ചിട്ടുള്ള ബോൾട്ടുകൾ നീക്കം ചെയ്യുന്നതിൽ തടസ്സം നേരിട്ടതിനെത്തുടർന്ന്, റേഡിയോ ഫ്രീക്വൻസി ഗ്രൂപ്പിന്‍റെ ഒരു പഴയ ഭാഗം നീക്കം ചെയ്യുന്ന രണ്ടാമത്തെ ദൗത്യം പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞില്ല. ബഹിരാകാശയാത്രികർ ചെയ്യുന്ന ഏറ്റവും അപകടകരമായ പ്രവർത്തനങ്ങളിലൊന്നാണ് ബഹിരാകാശ നടത്തം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.