ദുബായ്: പ്രവാസികള്‍ക്ക് റവന്യൂ-സർവ്വേ വകുപ്പ് സേവനങ്ങള്‍ പൂർത്തിയാക്കുന്നതിനായി പ്രവാസി മിത്രം ഓണ്‍ലൈന്‍ പോർട്ടല്‍ ആരംഭിക്കുന്നു. പോർട്ടലിന്‍റെ ഉദ്ഘാടനം മെയ് 17 ന് മുഖ്യമന്ത്രി നിർവ്വഹിക്കും. പ്രവാസികളുടെ ദീർഘകാലമായുളള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
പ്രവാസികൾക്ക് നാട്ടിലെ ഭൂമി സംബന്ധമായ പോക്കുവരവ് നടപടി ക്രമങ്ങൾ, വിവിധ രേഖകൾ, മക്കളുടെ ഉന്നത പഠനം, തൊഴിൽ ആവശ്യം എന്നിവക്ക് വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ സർട്ടിഫിക്കറ്റുകൾക്കായി നൽകിയ അപേക്ഷ സംബന്ധിച്ച തുടർനടപടികൾക്ക് സഹായം നൽകുന്നതാകും ‘പ്രവാസി മിത്രം’ഓൺലൈൻ പോർട്ടൽ.
വകുപ്പുകളുമായി ബന്ധപ്പെട്ട സമർപ്പിച്ച അപേക്ഷകളുടെ തല്‍സ്ഥിതി അറിയാനും പരാതി സമർപ്പിക്കാനും സാധിക്കും. അപേക്ഷകളും പരാതികളും കൈകാര്യം ചെയ്യാന്‍ ജില്ല കലക്ടറേറ്റുകളിൽ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലും, ലാൻഡ് റവന്യൂ കമീഷണറുടെ കാര്യാലയത്തിൽ അസി.കമ്മീഷണറുടെ നേതൃത്വത്തിലുമായി പ്രവാസി സെല്ലും പ്രത്യേകം പ്രവർത്തിക്കും.