ദുബായ്: ആഭ്യന്തരകലാപം രൂക്ഷമായ സുഡാനില്‍ കുടിയിറക്കപ്പെട്ടതുമൂലവും മറ്റും ദുരിതമനുഭവിക്കുന്നവർക്ക് മാനുഷിക സഹായം നല്‍കാന്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർദ്ദേശം. രാജ്യത്തുണ്ടായ സംഘർഷത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട സുഡാന്‍ പൗരന്മാർക്ക് അടിയന്തിര മാനുഷിക സഹായം നല്‍കാനാണ് ഷെയ്ഖ് മുഹമ്മദിന്‍റെ നിർദ്ദേശം.
സഹോദരരാജ്യങ്ങളെ എപ്പോഴും യുഎഇ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കാറുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് വിശദീകരിച്ചു. യുഎഇയും സുഡാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്‍റെ ആഴവും ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധവും അദ്ദേഹം അടിവരയിട്ട് ആവർത്തിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് വഴിയാണ് സഹായമെത്തിക്കുക.