ഷെന്‍ഗന്‍ മാതൃക വിസ സമ്പദ്രായം നടപ്പിലാക്കാന്‍ ജിസിസി രാജ്യങ്ങള്‍

ഷെന്‍ഗന്‍  മാതൃക വിസ സമ്പദ്രായം നടപ്പിലാക്കാന്‍ ജിസിസി രാജ്യങ്ങള്‍

ദുബായ്: വിനോദസഞ്ചാരികള്‍ക്കായി ഷെന്‍ഗന്‍ മാതൃക വിസ ആരംഭിക്കാന്‍ ഒരുങ്ങി ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സില്‍. ഷെന്‍ഗന്‍ ശൈലിയില്‍ ഏകീകൃത വിസ എങ്ങനെ നടപ്പിലാക്കാമെന്നത് സംബന്ധിച്ച് ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ചർച്ച നടന്നുവരിയാണെന്ന് ബഹ്റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ അല്‍ സൈറാഫി പറഞ്ഞു. അറേബ്യന്‍ ട്രാവല്‍ മാർക്കറ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ജിസിസി മേഖലയിലെ രാജ്യങ്ങളുടെ വരുമാനവർദ്ധനയ്ക്കുള്‍പ്പടെ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

യൂറോപ്പിലേക്ക് പോകുന്നവർ പല രാജ്യങ്ങളും സന്ദർശിക്കാന്‍ സമയം കണ്ടെത്താറുണ്ട്. ഒരു രാജ്യത്ത് തന്നെ തങ്ങുന്നതിനപ്പുറം വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവണത വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ജിസിസി രാജ്യങ്ങളും ഇത്തരത്തില്‍ ഒരു സാധ്യത ചർച്ചചെയ്യുന്നതെന്നും മന്ത്രി വിശദീകരിച്ചു. ഷെന്‍ഗന്‍ ശൈലിയില്‍ വിസ നടപ്പിലാക്കിയാല്‍ ഒരു രാജ്യത്തിന് മാത്രമല്ല, ജിസിസിയിലെ വിവിധ രാജ്യങ്ങള്‍ക്ക് ഗുണം ലഭിക്കുമെന്നും ദ ഫ്യൂച്ചർ ഓഫ് ട്രാവല്‍ ഫോർ ജിസിസി എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയില്‍ അവർ വിലയിരുത്തി.

2022 ല്‍ ബഹ്റൈന്‍ ലക്ഷ്യമിട്ടത് 8.3 ദശലക്ഷം സഞ്ചാരികളെയാണ്. എന്നാല്‍ രാജ്യത്തെത്തിയത് 9.9 ദശലക്ഷം പേരാണ്. യുഎഇ, സൗദി അറേബ്യ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ ജിസിസിയിലെ വിനോദസഞ്ചാരവിപണി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ പ്രതിഫലനമാണിതെന്നും അവർ പറഞ്ഞു.

ജിസിസിയിലെ വിവിധ രാജ്യങ്ങള്‍ക്ക് അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുളള ഏറ്റവും മികച്ച വഴി വിനോദസഞ്ചാരമാണെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി അബ്ദുളള അല്‍ സലെ പറഞ്ഞു. ഒരുവിപണിയും ഏകീകൃതനയങ്ങളുമാണ് ജിസിസിയുടെ കരുത്ത്. ഒരു രാജ്യത്തേക്കുളള പ്രവേശനം എന്നതിനപ്പുറം ഷെന്‍ഗന്‍ മാതൃകയില്‍ വിസ സമ്പ്രദായം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ കൂടുതല്‍ സഞ്ചാരികള്‍ ജിസിസിയിലേക്ക് എത്തും. തടസ്സങ്ങളേതുമില്ലാതെ വിവിധ രാജ്യങ്ങള്‍ സന്ദർശിക്കാന്‍ കഴിയുന്നത് നേട്ടമായിത്തന്നെയാകും സന്ദർശകർ വിലയിരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

ജിസിസി രാജ്യങ്ങളുടെ ജിഡിപിയില്‍ സ്വദേശികളുടെ തൊഴില്‍ ശേഷി വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരമായ വിനോദസഞ്ചാരമേഖല ഉറപ്പാക്കുന്നതിനുമായി മന്ത്രിമാർ ഏകീകൃത ജിസിസി വിനോദസഞ്ചാരനയം ആവിഷ്കരിച്ചിട്ടുണ്ടെന്നും അണ്ടർസെക്രട്ടറി സൂചിപ്പിച്ചു. ജിസിസിയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു പുതിയ ആപ്ലിക്കേഷനും വെബ്‌സൈറ്റും ആരംഭിച്ചുകൊണ്ട് യാത്ര എളുപ്പമാക്കാനുളള നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്നത്തെ കാലത്ത് യാത്രാക്കാർ ഒരു രാജ്യത്തെ കുറിച്ചല്ല, മറിച്ച് ഒരു പ്രദേശത്തെ കുറിച്ചാണ് ആലോചിക്കുന്നതെന്ന് സൗദി ടൂറിസം അതോറിറ്റി സിഇഒ ഫഹദ് ഹമീദാദ്ദീന്‍ പറഞ്ഞു. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് സൗദി അറേബ്യക്കും ഗുണം ചെയ്തു. അത്തരത്തിലുളള സംയുക്ത ഇടപെടലുകള്‍ ജിസിസിയിലെ എല്ലാ രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.