ദുബായ്: എമിറേറ്റിലെ ഇ സ്കൂട്ടർ, ഇ ബൈക്ക് സംവിധാനങ്ങളെ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും സമഗ്രസംവിധാനമൊരുക്കി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി.നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് സമഗ്രസംവിധാനം സജ്ജീകരിച്ചിരിക്കുന്നത്.
സുരക്ഷിതമായ യാത്രയൊരുക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് പദ്ധതി ഒരുക്കിയിട്ടുളളത്.
കാല്‍നടയാത്രാക്കാർക്കും സൈക്കിള്‍ യാത്രക്കാർക്കുമായുളള റോഡുകളിലൂടെയുളള സുരക്ഷ വർദ്ധിപ്പിക്കാന്‍ സംവിധാനം സഹായകരമാകുമെന്ന് ആർടിഎ വിലയിരുത്തുന്നു. വിവിധ സേവനദാതാക്കളുമായി സഹകരിച്ച് പദ്ധതി രൂപപ്പെടുത്തിയത്. ആർടിഎയുടെ എന്റർപ്രൈസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററാണ് സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുന്നത് ലക്ഷ്യമാക്കിയാണ് സംവിധാനം വികസിപ്പിച്ചിട്ടുളളത്.
തുടക്കത്തില്‍ നാല് ഇ സ്കൂട്ടർ ഓപ്പറേറ്റർമാരെയും ഒരു ബൈക്ക് ഓപ്പറേറ്ററും ഉള്‍പ്പടെ അഞ്ച് മൊബിലിറ്റി സേവന ദാതാക്കളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. എമിറേറ്റിലെ 21 മേഖലകളിലായി 2,500-ലധികം ഇ-സ്‌കൂട്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. 1750 ഇ-ബൈക്കുകൾ ആകെ 28 പ്രദേശങ്ങളിൽ ലഭ്യമാണ്. ഇ-സ്കൂട്ടറുകളുടെയും ഇ-ബൈക്കുകളുടെയും വേഗപരിധി ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാനും സംവിധാനത്തിലൂടെ സാധിക്കും.ദുബായിലുടനീളമുള്ള സൈക്ലിംഗ് ട്രാക്കുകൾ 2006-ൽ വെറും 9 കിലോമീറ്ററായിരുന്നുവെങ്കില്‍ 2022-ൽ 544 കിലോമീറ്ററാക്കി ഉയർത്തിയെന്നും ആർടിഎ വിശദീകരിക്കുന്നു.