മുഖം മിനുക്കാൻ ഒരുങ്ങി ദേര ക്ലോക്ക് ടവർ

മുഖം മിനുക്കാൻ ഒരുങ്ങി ദേര ക്ലോക്ക് ടവർ

ദുബായ്: ദുബായിലെ ദേര ക്ലോക്ക് ടവർ റൗണ്ട് എബൗട്ട് മുഖം മിനുക്കുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങള്‍ നടക്കുക. ദുബായുടെ ചരിത്രത്തില്‍ നിർണായക സ്ഥാനമുളള ദേര ക്ലോക്ക് ടവറിന്‍റെ തനിമ നിലനിർത്തി സുസ്ഥിര നഗരാസൂത്രണം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി പറഞ്ഞു.

മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പദ്ധതിയില്‍ അലങ്കാര പൂന്തോട്ടപരിപാലനം, ഹാർഡ് ഫ്ലോറുകള്‍, മള്‍ട്ടിക്കളർ ലൈറ്റുകള്‍ സ്ഥാപിക്കല്‍, ജലധാര നവീകരിക്കല്‍ എന്നിവയും ഉള്‍പ്പടും. ക്ലോക്ക് ടവറിന്‍റെ ചരിത്രപരമോ വാസ്തുവിദ്യാപരമോ ആയ പ്രാധാന്യം നഷ്ടപ്പെടാതെയാകും ദേര ക്ലോക്ക് ടവർ നവീകരിക്കുകയെന്നും ദുബായ് മുനിസിപ്പാലിറ്റിയിലെ ജനറൽ മെയിന്‍റനന്‍സ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ എഞ്ചിനീയർ ജാബിർ അൽ അലി പറഞ്ഞു.

1963 ലാണ് ക്ലോക്ക് ടവർ നിർമ്മിക്കുന്നത്. ദേരയ്ക്കും ബർദുബായ്ക്കുമിടയിലെ ആദ്യ ലാന്‍ഡ് മാർക്കുകളിലൊന്നാണ് ഇത്. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന് അനുസൃതമായാണ് നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.