നിയുക്ത മെത്രാന്‍ ഫാ. ജോണ്‍ പനന്തോട്ടത്തിലിന് മെല്‍ബണില്‍ ഹൃദ്യമായ സ്വീകരണം

നിയുക്ത മെത്രാന്‍ ഫാ. ജോണ്‍ പനന്തോട്ടത്തിലിന് മെല്‍ബണില്‍ ഹൃദ്യമായ സ്വീകരണം

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെത്തിയ മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ ഫാ. ജോണ്‍ പനന്തോട്ടത്തിലിന് ഹൃദ്യമായ സ്വീകരണം. മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ചൊവ്വാഴ്ച്ച രാത്രി 7.15-നാണ് നിയുക്ത മെത്രാന്‍ മെല്‍ബണ്‍ എയര്‍പോര്‍ട്ടിലെത്തിയത്.

മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സീസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍, എപ്പിസ്‌കോപ്പല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍, പ്രൊക്യുറേറ്റര്‍ ഡോ. ജോണ്‍സണ്‍ ജോര്‍ജ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോബി ഫിലിപ്പ്, മെല്‍ബണ്‍ വെസ്റ്റ് ഇടവക വികാരി ഫാ. എബ്രഹാം കഴുന്നടിയില്‍, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജോയിസ് കോലംകുഴിയില്‍ സി.എം.ഐ, മെല്‍ബണ്‍ ക്‌നാനായ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണംമ്പാടം, ഫാ. വിന്‍സന്റ് മഠത്തിപറമ്പില്‍ സി.എം.ഐ, ഫാ. അശോക് അമ്പഴത്തിങ്കള്‍, മെല്‍ബണിലെ എല്ലാ ഇടവകകളില്‍നിന്നുള്ള കൈക്കാരന്മാര്‍, യുവജന പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


മെല്‍ബണ്‍ എയര്‍പോര്‍ട്ടിലെത്തിയ നിയുക്ത മെത്രാന്‍ ഫാ. ജോണ്‍ പനന്തോട്ടത്തിലിനെ പൂച്ചെണ്ട് നല്‍കി മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ സ്വീകരിക്കുന്നു

സെന്റ് തോമസ് സിറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാ. ജോണ്‍ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്‌കോ പുത്തൂരിനുള്ള യാത്രയയപ്പും മെയ് 31-ന് വൈകീട്ട് അഞ്ചിന് മെല്‍ബണിനടുത്തുള്ള ക്യാമ്പെല്‍ഫീല്‍ഡ് ഔവര്‍ ലേഡീ ഗാര്‍ഡിയന്‍ ഓഫ് പ്ലാന്റ്സ് കാല്‍ദിയന്‍ കാത്തലിക് ദേവാലയത്തില്‍ നടക്കും.



സ്ഥാനാരോഹണ കര്‍മ്മങ്ങളില്‍ സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബാല്‍വോ, സിറോ മലബാര്‍ സഭയുടെ മറ്റു രൂപതകളില്‍ നിന്നുള്ള പിതാക്കന്മാര്‍, ഓഷ്യാനിയയിലെ വിവിധ രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാര്‍, മെല്‍ബണ്‍ രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികരും അത്മായ പ്രതിനിധികളും ചടങ്ങുകളില്‍ പങ്കെടുക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.