ഹത്രസ്: കഴുതച്ചാണകവും ആസിഡും ഉപയോഗിച്ച് വ്യാജ സുഗന്ധ വ്യഞ്ജനങ്ങള്‍ ഉണ്ടാക്കുന്ന സംഘം പോലീസ് പിടിയിലായി. യുപിയിലെ ഹാഥ്‌രസില്‍ നവിപൂരിലാണ് വ്യാജ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഹിന്ദു യുവവാഹിനി നേതാവു കൂടിയായ അനൂപ് വര്‍ഷനേയാണ് വ്യാജ ഉത്പന്ന ഫാക്ടറി നടത്തിയിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിക്കുകയുണ്ടായി. ലോക്കല്‍ ബ്രാന്‍ഡുകളുടെ പേരില്‍ പാക്ക് ചെയ്ത് മുന്നൂറു കിലോ വ്യാജ സുഗന്ധ വ്യഞ്ജന ഉത്പന്നങ്ങള്‍ പിടികൂടിയതായി പോലീസ് പറഞ്ഞു.
വ്യാജ സുഗന്ധ വ്യഞ്ജനങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന നിരവധി ഡ്രമ്മുകള്‍ നിറയെ ആസിഡും കഴുതച്ചാണകവും കൃത്രിമ നിറങ്ങളും പോലീസ് കണ്ടെത്തുകയുണ്ടായി. കണ്ടെടുത്ത ഉത്പന്നങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസെടുത്തതായും പോലീസ് പറഞ്ഞു.