ദുബായ്: സർക്കാർ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന ദുബായ് സെന്‍റർ ഫോർ ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആരംഭിച്ചു. എമിറേറ്റ്സ് ടവറില്‍ പ്രവർത്തനം ആരംഭിച്ച കേന്ദ്രം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.
നവീന സാങ്കേതിക വിദ്യ സർക്കാർ സേവനങ്ങളില്‍ പ്രയോജനപ്പെടുത്തുക ലക്ഷ്യമിട്ടാണ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പ്രയോജനപ്പെടുത്തുന്നതില്‍ ദുബായ് എന്നും മുന്‍പന്തിയിലാണെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. സാങ്കേതിക വിദ്യയിലുണ്ടാകുന്ന നവീന മാറ്റങ്ങള്‍ പ്രവർത്തനമേഖലയിലേക്കെത്തിക്കുന്നതിനുളള ആദ്യ ചുവടുവയ്പാണ് കേന്ദ്രമെന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. സർക്കാർ സേവന കേന്ദ്രങ്ങളിലെ ജോലിക്കാർ സേവനം മെച്ചപ്പെടുത്തുന്നതിന് ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
30 വിഭാഗങ്ങളില്‍ നിന്നുളള 1000 ത്തോളം സർക്കാർ ജീവനക്കാർക്ക് പരിശീലനം നല്കുകയാണ് ദുബായ് സെന്‍റർ ലക്ഷ്യമിടുന്നത്. ആരോഗ്യം, ഗതാഗതം, പുനരുപയോഗ ഊർജം എന്നീ സുപ്രധാന മേഖലകൾക്കായി നിർമിത ബുദ്ധി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.