മസ്കറ്റ്: പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പ് നല്കി മസ്കറ്റ് മുനിസിപ്പാലിറ്റി. നഗരസൗന്ദര്യവല്‍ക്കരണത്തിന് കോട്ടം തട്ടുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുനിസിപ്പാലിറ്റി വീണ്ടും മുന്നറിയിപ്പ് നല്കി. ഇത്തരത്തില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചവർക്കെതിരെ നേരത്തെയും മസ്കറ്റ് മുനിസിപ്പാലിറ്റി നടപടികള്‍ സ്വീകരിച്ചിരുന്നു.
നിരവധി വാഹനങ്ങളാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുളളത്. വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നത് മറ്റ് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇങ്ങനെ ഉപേക്ഷിച്ച് പോകുന്ന വാഹന ഉടമകളിൽനിന്ന് 200 മുതൽ 1,000 റിയാൽവരെ പിഴ ഈടാക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് ബൗഷറിലാണ്. 42 വാഹനങ്ങളാണ് ഇവിടെനിന്ന് നീക്കംചെയ്തത്. സീബിൽനിന്ന് 17 കാറുകളും എടുത്തുകൊണ്ടുപോയി. ഉപേക്ഷിക്കപ്പെട്ട കാറുകൾക്കെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് നോട്ടീസുകൾ നൽകിയിരുന്നു. വാഹനങ്ങള്‍ മാറ്റാന്‍ 14 ദിവസമാണ് ഉടമയ്ക്ക് കാലാവധി നല്‍കുക. ഇത് വ്യക്തമാക്കി സ്റ്റിക്കർ പതിക്കും. ഇതിന് ശേഷവും വാഹനം എടുത്തുകൊണ്ടുപോകാതിരുന്നാല്‍ പിഴ ഈടാക്കുകയും വാഹനം 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.