ദുബായ്: രാജ്യത്തേക്ക് സന്ദർശകവിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുളള ശമ്പളപരിധി ഇരട്ടിയാക്കി. 8000 ദിർഹം ശമ്പളവും സ്വന്തം പേരില്‍ താമസസൗകര്യവുമുളളവർക്കാണ് വ്യക്തിഗത സ്പോണ്‍സർഷിപ്പില്‍ കുടുംബത്തെ സന്ദർശക വിസയില്‍ കൊണ്ടുവരാന്‍ കഴിയുക.
കൊച്ചുമക്കളെ സ്പോണ്‍സർചെയ്യാന്‍ കുറഞ്ഞത് 10,000 ദിർഹം ശമ്പളം വേണം. വിസയ്ക്ക് അപേക്ഷ നല്‍കിയ മലയാളിയ്ക്ക് കൊച്ചുമക്കളെ സ്പോണ്‍ചെയ്യുന്നതിനുളള ശമ്പള പരിധിയില്ലാത്തതിനാല്‍ അപേക്ഷ നിരസിച്ചിരുന്നു. അപേക്ഷകന്‍റെ ശമ്പളം 8250 ദിർഹമായതിനാലാണ് കൊച്ചുമക്കളുടെ വിസ അപേക്ഷ നിരസിച്ചതെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി.
അതേസമയം, ഭാര്യയെയും കുട്ടികളെയും താമസ വിസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി 4000 ദിർഹമാണ്. 3000 ദിർഹം ശമ്പളവും സ്വന്തം പേരില്‍ താമസ സൗകര്യവുമുണ്ടെങ്കിലും സ്പോണ്‍സർ ചെയ്യാം. മാസത്തിൽ 10,000 ദിർഹം ശമ്പളവും 2 ബെഡ് റൂം ഫ്ലാറ്റും ഉണ്ടെങ്കിൽ മാതാപിതാക്കളെയും സ്പോൺസർ ചെയ്യാം. ജീവിതപങ്കാളി മരിക്കുകയോ വിവാഹമോചനം നേടുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ മാതാപിതാക്കളിൽ ഒരാളെ പ്രത്യേക അനുമതിയോടെ താമസ വിസയിൽ കൊണ്ടുവരാം. ഒരു വർഷക്കാലവധിയുളള വിസ അതേ കാലയളവിലേക്ക് പുതുക്കാനും സാധിക്കും.