അബുദാബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡ്മിർ പുടിനുമായി കൂടികാഴ്ച നടത്തി. സെന്‍റ് പീറ്റേഴ്സ് ബർഗില്‍ വച്ചായിരുന്നു കൂടികാഴ്ച നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുളള ദീർഘകാലബന്ധത്തെ കുറിച്ചും ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
യുഎഇയ്ക്ക് പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനും രാജ്യങ്ങള്‍ തമ്മിലുളള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമുളള ശ്രമങ്ങളുടെ ഭാഗമായാണ് ഷെയ്ഖ് മുഹമ്മദിന്‍റെ സന്ദർശനം. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള ഒരു പ്രതിനിധി സംഘം അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.
അതേസമയം ഉക്രൈയിനിലെ പ്രതിസന്ധിക്ക് ചർച്ചകളിലൂടെ പരിഹാരം കാണേണ്ടതിന്‍റെ ആവശ്യകത ഷെയ്ഖ് മുഹമ്മദ് ആവർത്തിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയ്ക്കും സമാധാനത്തിനും പരസ്പര ആശയവിനിമയത്തിന് വലിയ പങ്കുണ്ട്. ഉക്രൈയ്ന്‍ വിഷയത്തില്‍ രാഷ്ട്രീയപരിഹാരം തേടേണ്ടതിന്‍റെയും മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തേണ്ടതിന്‍റെയും ആവശ്യകത ഷെയ്ഖ് മുഹമ്മദ് ആവർത്തിച്ചു.