ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം ദിനം പ്രതി കത്തിജ്വലിച്ചു കൊണ്ടിരിക്കുകയാണ്. നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍നിന്ന് പിന്‍മാറില്ലെന്ന ഉറച്ച നിലപാടില്‍ ആണ് കര്‍ഷകര്‍. ഇന്ന് രാജ്യമെങ്ങും 'ശ്രദ്ധാഞ്ജലി ദിവസ്' ആചരിക്കാനാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. പ്രക്ഷോഭം തുടങ്ങിയശേഷം ഇരുപതിലധികം കര്‍ഷകരാണ് മരിച്ചത്. പ്രത്യേക പ്രാര്‍ത്ഥനായോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
പ്രശ്‌നപരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിനാകുന്നില്ലെങ്കില്‍ തങ്ങള്‍ തന്നെ ഒരു പരിഹാരം കണ്ടത്തുമെന്നാണ് കര്‍ഷകരുടെ പക്ഷം. ഡല്‍ഹി- ആഗ്ര, ഡല്‍ഹി -രാജസ്ഥാന്‍ ദേശീയപാതകളുടെ ഉപരോധം തുടരുകയാണ്. സുപ്രീംകോടതിയിലെ കേസില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്.
ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാവ് ചൗധരി ബിജേന്ദ്ര സിംഗ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം ആണ് ഹരിയാന മുഖ്യമന്ത്രി കേന്ദ്ര കൃഷിമന്ത്രിയെ കണ്ടത്. മൂന്നു ദിവസത്തിനകം കര്‍ഷകരുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചത്.