ദുബായില്‍ ഏഴ് നടപാലങ്ങള്‍ കൂടി വരുന്നു

ദുബായില്‍ ഏഴ് നടപാലങ്ങള്‍ കൂടി വരുന്നു

ദുബായ്: കാല്‍നടയാത്രാക്കാ‍ർക്കായി ദുബായില്‍ ഏഴ് മേല്‍പാലങ്ങള്‍ കൂടി വരുന്നു. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ലിഫ്റ്റ് സൗകര്യത്തോടൊപ്പം ബൈക്കുകള്‍ക്കായുളള ട്രാക്കുകളും മേല്‍പാലങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.

അല്‍ ഖലീജ് സ്ട്രീറ്റില്‍ ദുബായ് ഹോസ്പിറ്റലിന് സമീപം ഒമർ ബിന്‍ ഖാത്തെബ്, അബുബക്കർ അല്‍ സിദ്ദീഖ് സ്ട്രീറ്റുകളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് ഒരു നടപ്പാലം സജ്ജമാക്കിയിട്ടുളളത്. 120 മീറ്റർ നീളത്തില്‍ ഒരുങ്ങിയ പാലത്തിന് 3.4 മീറ്റർ വീതിയും 6.5 മീറ്റർ ഉയരവുമുണ്ട്. രണ്ട് ലിഫ്റ്റുകളും പടികളും അലാറവും അഗ്നിസുരക്ഷാ ഉപകരണങ്ങളുമെല്ലാം പാലത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

മറ്റ് നടപ്പാലങ്ങള്‍
അല്‍മിനായില്‍ അല്‍ സഖർ അല്‍ മിന ഇന്‍റർസെക്ഷനെ ബന്ധിപ്പിച്ചുകൊണ്ടാണ് മറ്റൊരു നടപ്പാലം.
ഷെയ്ഖ് റാഷിദ് ബിന്‍ സായീദ് സ്ട്രീറ്റില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിനെയും ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബർ അല്‍ സബാ സ്ട്രീറ്റിനേയും ബന്ധിപ്പിക്കുന്ന നടപ്പാലം.
റാസല്‍ ഖോർ റോഡില്‍ ക്രീക്ക് ഹാർബറിനെയും റാസല്‍ ഖോർ ഇന്‍ഡസ്ട്രിയല്‍ മേഖലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നടപ്പാലം.
റാസല്‍ ഖോർ റോഡില്‍ നാദ് അല്‍ ഹമറില്‍ മർഹബ മാളിനെയും വാസല്‍ കോംപ്ലക്സിനേയും ബന്ധിപ്പിക്കുന്ന നടപ്പാലം.
അല്‍ മനാറ റോഡില്‍ അല്‍ ഖൂസ് ക്രിയേറ്റീവ് സോണില്‍ അറേബ്യന്‍ സെന്‍ററിന് എതിർഭാഗത്തായി ഖവനീജ് സ്ട്രീറ്റില്‍.

കാല്‍നടയാത്രാക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് മേല്‍പാലങ്ങളുടെ നിർമ്മാണത്തിന് ദുബായ് പ്രധാന പരിഗണന നല്‍കുന്നതെന്ന് ആർടിഎ ചെയർമാന്‍ മാത്തർ അല്‍ തായർ പറഞ്ഞു. 17 വ‍ർഷത്തിനിടെ ദുബായില്‍ നടപ്പാലങ്ങളുടെ എണ്ണത്തില്‍ 10 ഇരട്ടിയാണ് വർദ്ധനവ്. 2021 നും 2026 നുമിടയില്‍ 36 മേല്‍പ്പാലങ്ങള്‍ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ എമിറേറ്റിലെ മൊത്തം നടപ്പാലങ്ങളുടെ എണ്ണം 165 ആയി ഉയരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.