ദുബായ്: എമിറേറ്റിലെ ഏറ്റവും പ്രകൃതി മനോഹരമായ ഇടമായ ഹത്തയില്‍ സന്ദർശകർക്കായി കൂടുതല്‍ സൗകര്യമൊരുക്കി ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ഹത്തയിലെ 9 കിലോമീറ്റർ റൂട്ടില്‍ ഇ സ്കൂട്ടറുകള്‍ക്കും ബൈക്കുകള്‍ക്കുമായി 11 സ്റ്റേഷനുകള്‍ ആരംഭിച്ചു. ഹത്തയിലെത്തുന്നവർക്ക് അവിടത്തെ പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ അവസരമൊരുക്കുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഹത്ത താഴ്വര, പൈതൃക ഗ്രാമം, വാദി ഹത്ത പാർക്ക്, ഹില്‍ പാർക്ക് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് പുതിയ സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുളളത്. 250 ഇ-സ്കൂട്ടറുകൾ, 250 സോഫ്റ്റ് ബൈക്കുകൾ എന്നിവ കൂടാതെ 150 മൗണ്ടൻ ബൈക്കുകളുമാണ് പുതിയ സംരംഭത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹത്തയിലെ 11.5 കിലോമീറ്റർ റോഡിലൂടെ ഇനി ബൈക്കിലും സ്കൂട്ടറിലും പ്രകൃതിഭംഗി ആസ്വദിക്കാം.
എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഹത്ത. അവിടെയെത്തുന്ന സന്ദർശകർക്ക് പുതിയ അനുഭവം നല്‍കുന്നതാണ് പുതിയ മാറ്റങ്ങള്‍. 2023 ന്റെ ആദ്യ പകുതിയില്‍ ഇ സ്കൂട്ടറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെയാണ് കൂടുതല്‍ ബൈക്കുകളും ഇ സ്കൂട്ടറുകളും പ്രദേശത്ത് അവതരിപ്പിച്ചത്. ഈ വർഷം ആദ്യ പാദത്തിൽ മാത്രമായി 1,902 യാത്രകൾ നടന്നു. ഇക്കാലയളവിൽ 984 ആളുകളാണ് ഇ-സ്കൂട്ടറിലൂടെ ഹത്തയിൽ സഞ്ചരിച്ചത്. ആദ്യപാദത്തിൽ നൽകിയ സേവനങ്ങളിൽ 93 ശതമാനം പേരും തൃപ്തരായിരുന്നുവെന്നും ആർ.ടി.എ വ്യക്തമാക്കി.