സെന്റ് തോമസ് ദിന അവധി പുനസ്ഥാപിക്കണം: ആക്ട്സ്

സെന്റ് തോമസ് ദിന അവധി പുനസ്ഥാപിക്കണം: ആക്ട്സ്

തിരുവനന്തപുരം: ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ഏറെ പാവനമായി ആചരിച്ചു പോരുന്ന സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിലെ പൊതു അവധി പുനസ്ഥാപിക്കണമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ടസിന്റെ നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിവിധ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ മൂന്നിന് അവധി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഈ ദിവസം ചില സര്‍വകലാശാല പരീക്ഷകള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത് ഏറെ പ്രതിഷേധാര്‍ഹമാണ്. ക്രൈസ്തവ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും മതപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഈ നടപടി പിന്‍വലിക്കണം. 1956 മുതല്‍ 1996 വരെ ജൂലൈ മൂന്ന് കേരളത്തില്‍ പൊതു അവധിയായിരുന്നു.

ബക്രീദ് പ്രമാണിച്ച് അവധിയായതിനാല്‍ ആ ദിവസം നടത്താനിരുന്ന പല പരീക്ഷകളും ജൂലൈ മൂന്നിലേക്കാണ് മാറ്റിയത്. ആക്‌സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കേരള കൗണ്‍സില്‍ ഓഫ് ദ ചര്‍ച്ചസ് പ്രസിഡന്റ് ബിഷപ്പ് ഡോ.ഉമ്മന്‍ ജോര്‍ജ് യോഗം ഉദ്ഘാടനം ചെയ്തു.

ഷെവ. കോശി എം. ജോര്‍ജ്, ഫാ.കാല്‍വിന്‍ ക്രിസ്റ്റോ, ഫാ. ജേക്കബ് കല്ലുവിള, ഡോ.ബാബു സെബാസ്റ്റ്യന്‍, ബേബി മാത്യു സോമതീരം, പി.ജെ. ആന്റണി, അഡ്വ.പ്രകാശ് തോമസ്, അഡ്വ. അമ്പിളി ജേക്കബ്, പ്രഫ. ഷേര്‍ളി സ്റ്റുവര്‍ട്ട്, ഡോ.റോയി അലക്‌സാണ്ടര്‍, സാജന്‍ വേളൂര്‍, നെബു ജേക്കബ് വര്‍ക്കി, കുരുവിള മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.