'നസ്രാണിത്തം തിരിച്ച് പിടിക്കണമെങ്കില്‍ നിരന്തരമായ പഠനവും അന്വേഷണവും വേണം': മാര്‍ ജോസഫ് കല്ലറങ്ങാട്ട്

'നസ്രാണിത്തം തിരിച്ച് പിടിക്കണമെങ്കില്‍ നിരന്തരമായ പഠനവും അന്വേഷണവും വേണം': മാര്‍ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: യഹൂദന്‍മാരില്‍ നിന്ന് മാനസാന്തരപ്പെട്ടവരും യഹൂദ സമ്പര്‍ക്കവും യഹൂദ പാരമ്പര്യവും സ്വാധീനിച്ചവരുമാണ് ക്രൈസ്തവരെന്ന് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. നസാണി പാരമ്പര്യത്തെക്കുറിച്ച് വിശദമാക്കിക്കൊണ്ട് ചരിത്രമാണ് എല്ലാത്തിന്റെയും അടിത്തറയെന്നും അദ്ദേഹം വ്യക്തമാക്കി. കാരണം നമ്മുടെ സമുദായങ്ങളെക്കുറിച്ചും സഭയെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചുമെല്ലാം പറയുന്നത് ചരിത്രമാണ്. പകലോമറ്റം അര്‍ക്കദിയാക്കോന്‍ നഗറില്‍ നടന്ന നസ്രാണി സമുദായ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

അരമായ സുറിയാനി യഹൂദ പാരമ്പര്യങ്ങളോട് ബന്ധപ്പെട്ട് നിന്നവരാണ് ക്രൈസ്തവര്‍. അരമായ സുറിയാനി യഹൂദ പാരമ്പര്യത്തോട് ബന്ധപ്പെട്ട് നിന്ന രാജ്യങ്ങളാണ് പാലസ്തീന, തുര്‍ക്കി, സിറിയ, ഇറാഖ്, ഇറാന്‍ തുടങ്ങിയവ. ഈ പ്രദേശങ്ങളിലൂള്ള ക്രൈസ്തവരെ ആദ്യ നൂറ്റാണ്ടുകളിലെല്ലാം നസ്രാണികള്‍ എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ വിളിക്കാനുള്ള കാരണം നമ്മുക്കറിയാവുന്നതുപോലെ ഈശോ നസ്രത്തില്‍ നിന്നുള്ളത് എന്നതിന്റെ അടിസ്ഥാനത്തില്‍ നിന്ന് വന്നതാണ്. ഇവിടെ നസ്രാണികള്‍ ഒരു ദേശീയ ഐഡന്റിറ്റി പുലര്‍ത്തിയവര്‍ ആയിരുന്നു. ഈ സഭയ്ക്ക് 1599 വരെയുള്ള സര്‍വ്വശക്തിയും നസ്രാണിത്തം എന്നു പറയുന്ന ആ തനിമയില്‍ ആയിരുന്നു. അവിടെ സുറിയാനി ആരാധനാ ക്രമം ഉണ്ട്. സുറിയാനി ഭാഷയും പാട്ടുകളും ഉണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

നസ്രാണി സമുദായത്തിലെ ഏഴ് സഭകളില്‍ നിന്നുള്ള അംഗങ്ങള്‍ ഒന്നിക്കുമ്പോള്‍, നമ്മള്‍ ഏഴായിട്ട് നില്‍ക്കുന്ന ഐഡന്റിറ്റി നിലനിര്‍ത്തുമ്പോഴും അതിനുവേണ്ടി നമ്മള്‍ വാദിക്കുമ്പോഴും അതിന്റെ പിന്നിലുള്ള ചില പൊതു ഘടകങ്ങള്‍ നമ്മളെ ഒന്നിപ്പിക്കുന്നുണ്ട് എന്ന ബോധ്യമാണ് ഈ കൂട്ടായ്മയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍തോമാശ്ലീഹായുടെ ഭാരത പ്രവേശനവും പിന്നീടുള്ള പ്രവര്‍ത്തനങ്ങളും മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും മുന്നേറ്റവും എല്ലാം ഈയൊരു അടിസ്ഥാനത്തില്‍ ആയിരുന്നു.

ഇത്തരത്തില്‍ നമ്മള്‍ ചിന്തിക്കുമ്പോള്‍ കുറവിലങ്ങാടിന്, പകലോമറ്റത്തിന് നമ്മളെയെല്ലാം ഒന്നിപ്പിക്കാനുള്ള ഒരു കാന്തിക ശക്തിയുണ്ടെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കുറവിലങ്ങാട് ഇപ്പോള്‍ മര്‍ത്തമറിയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളി ആയിട്ട് നില്‍ക്കുമ്പോള്‍ അതൊരു അമ്മ സഭയാണ്, ഒരു മാതൃദേവാലയമാണെന്നും അദ്ദേഹം പറഞ്ഞു. ഒരമ്മയെപ്പോലെ ഒരുപാട് പ്രാദേശിക സഭകള്‍ക്ക് ജന്മം കൊടുത്തു കൊണ്ടും വലിയ പണ്ഡിതന്‍മാര്‍ക്ക് പിറവി കൊടുത്തുകൊണ്ടും മര്‍ത്താമറിയത്തിന്റെ പ്രത്യക്ഷപ്പെടല്‍ ഉള്‍പ്പെടെ നിരവധി അത്ഭുതങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. അതാണ് കുറവിലങ്ങാടിനുള്ള പ്രത്യേകതയും. പലതായിട്ട് നമ്മള്‍ നില്‍ക്കുമ്പോഴും നമ്മളെ ഒന്നിപ്പിക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് കുറവിലങ്ങാട് മര്‍ത്ത മറിയം ദേവാലയവും ഇവിടുത്തെ പകലോമറ്റത്തെ പുണ്യകുടീരങ്ങളും. അതാണ് നമ്മുക്ക് എല്ലാവര്‍ക്കും ഒന്നിക്കാനുള്ള ഒരി ഘടകമെന്നും അദ്ദേഹം വ്യക്തമാക്കി.

1599 ന് ശേഷം നാനൂറ് വര്‍ഷത്തോളം നമ്മള്‍ നടത്തിയ പോരാട്ടം പിരിഞ്ഞ് പോകാന്‍ വേണ്ടിയല്ലായിരുന്നു. മറിച്ച് ഒന്നാകാന്‍ വേണ്ടിയായിരുന്നു. സമുദായത്തിന്റെ ഒരുമ ഒന്നിച്ച് പ്രഘോഷിക്കാന്‍ വേണ്ടിയായിരുന്നു. നമ്മള്‍ ഐക്യത്തില്‍ ജീവിക്കുന്നവരാണ്, സമുദായ ബോധമുള്ളവരാണ്, ദുഖ്‌റാനയുടെ ഓര്‍മ്മകള്‍ മനസില്‍ കൊണ്ടുനടക്കുന്നവരാണ്, തോമാശ്ലീഹായെക്കുറിച്ച് അഭിമാനം ഉള്ളവരാണ്. ഇത്തരം കാര്യങ്ങളെല്ലാം നമ്മുടെ മനസില്‍ നമ്മള്‍ സൂക്ഷിക്കുന്നതുകൊണ്ടാണ് വ്യത്യസ്തരായി നിന്നിട്ടും ഒന്നിച്ച് സംഗമിക്കാന്‍ കഴിയുന്നത്.

നാനൂറ് വര്‍ഷങ്ങളായിട്ട് നമ്മളില്‍ നിന്ന് കുറെയെല്ലാം അപ്രത്യക്ഷ്യമായി. നഷ്ടപ്പെട്ട നസ്രാണിത്തം തിരിച്ച് പിടിക്കണമെങ്കില്‍ നിരന്തരമായ പഠനവും അന്വേഷണവും ആവശ്യമാണ്. നസ്രാണികള്‍ അധികാരത്തില്‍ അറിയപ്പെട്ടിരുന്നത് കച്ചവടം, കൃഷി, സൈന്യ സേവനം, വൈദ്യം എന്നീ നാല് കാര്യങ്ങള്‍മൂലം ആയിരുന്നു. ഈ നാല് മേഖലകളില്‍ വളരെ ഉന്നതമായ നിലയില്‍ നിന്ന സമൂഹമായിരുന്നു നസ്രാണികള്‍. വിശിഷ്ടമായ നമ്മുടെ പാരമ്പര്യം നമ്മള്‍ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.