വത്തിക്കാന്‍ സിറ്റി: സമുദ്രത്തില്‍ ജോലി ചെയ്യുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ സഭ ആചരിക്കുന്ന സമുദ്ര ദിനത്തോടനുബന്ധിച്ചുള്ള വത്തിക്കാന്റെ സന്ദേശം പുറത്തിറക്കി. സഭ നാവികരുടെ ഹൃദയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നും നമ്മുടെ ദൈനംദിന ജീവിതം സാധ്യമാക്കുന്നതിലും സമ്പദ്വ്യവസ്ഥ നിലനിര്‍ത്തുന്നതിലും അവര്‍ സ്തുത്യര്‍ഹമായ പങ്കുവഹിക്കുന്നുവെന്നും സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവന്‍ കര്‍ദിനാള്‍ മൈക്കിള്‍ എഫ്. ചേര്‍ണി സന്ദേശത്തില്‍ പറഞ്ഞു.
എല്ലാ വര്‍ഷവും ജൂലൈ രണ്ടാം ഞായറാഴ്ചയാണ് സഭ സമുദ്ര ദിനമായി ആചരിക്കുന്നത്. സമുദ്രത്തില്‍ ജോലി ചെയ്യുന്ന പത്തു ലക്ഷത്തില്‍പരം നാവികരുടെ സേവനങ്ങളെ അന്നേ ദിവസം സഭ നന്ദിയോടെ അനുസ്മരിക്കുന്നു. ജോലിയില്‍ അവര്‍ നേരിടുന്ന ക്ലേശങ്ങളിലേക്കും അവരുടെ ആവശ്യങ്ങളിലേക്കും എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു. അതോടൊപ്പം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്യുന്നു.
നാം എല്ലാവരും ഭക്ഷണത്തിനായും മറ്റു നിത്യോപയോഗ വസ്തുക്കള്‍ക്കായും അവരുടെ അധ്വാനത്തോടും ത്യാഗത്തോടും കടപ്പെട്ടിരിക്കുന്നു - കര്‍ദിനാള്‍ ചേര്‍ണി വ്യക്തമാക്കി. തങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് മാസങ്ങളോളം അകന്നു നില്‍ക്കേണ്ടി വരികയും വിശിഷ്യ ആത്മീയ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന നാവികരുടെ അവസ്ഥയെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ലെന്ന് അദ്ദേഹം ഖേദപൂര്‍വ്വം അനുസ്മരിച്ചു.
സമുദ്രത്തില്‍ ജോലി ചെയ്യുന്നവരെ കേള്‍ക്കാന്‍ സഭ അതിയായി ആഗ്രഹിക്കുന്നു. നാവികരുടെ ജീവിത കഥകള്‍, ജോലിയെകുറിച്ചും സമ്പദ്ഘടനയെ കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടുകള്‍, വിവിധ മത വിശ്വാസങ്ങളും സംസ്‌കാരങ്ങളുമായുള്ള അവരുടെ ബന്ധങ്ങള്‍, കടലിലും കരയിലുമുള്ള അനുഭവങ്ങള്‍, അവരുടെ വിശ്വാസം തുടങ്ങിയവയെപ്പറ്റിയെല്ലാം കേള്‍ക്കാന്‍ സഭ ആഗ്രഹിക്കുന്നു. അങ്ങനെ അവരുടെ അനുഭവങ്ങള്‍ സഭാംഗങ്ങളിലൂടെ, സമൂഹത്തിന്റെ നാനാതുറയിലേക്കും എത്തിച്ചേരാന്‍ ഇടയാകുമെന്ന് കര്‍ദിനാള്‍ ചേര്‍ണി സന്ദേശത്തില്‍ പറയുന്നു.
സഭ അവരോടൊപ്പമുണ്ടെന്നും, അവരുടെ സന്തോഷങ്ങളിലും ക്ലേശങ്ങളിലും അവരുടെ ഹൃദയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നുമുള്ള സന്ദേശം കടലിനുമീതെ അലയടിച്ച് അവരില്‍ എത്തട്ടെ - കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. സമുദ്രതാരമായ പരിശുദ്ധ കന്യകാമറിയം അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുകയും അവര്‍ക്ക് സാന്ത്വനം നല്‍കുകയും സ്ഥിരോത്സഹികളായിരിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യട്ടെ എന്നാശംസിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം തന്റെ സന്ദേശം ഉപസംഹരിച്ചു.