ന്യൂഡല്‍ഹി: ഈ ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുമായി സംവദിക്കും. കര്‍ഷകര്‍ക്ക് പണം നേരിട്ട് കൈമാറുന്ന പിഎം-കിസാന്‍ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തും. 80 ദശലക്ഷത്തോളം ഗുണഭോക്താക്കളാണ് പദ്ധതിക്കുള്ളത്. 2019ലാണ് പദ്ധതിയുടെ ആദ്യ ഗഡു കര്‍ഷകര്‍ക്ക് ലഭിച്ചത്.
പുതിയ കാര്‍ഷിക നിയമങ്ങളെ കുറിച്ചും അവ കര്‍ഷകര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുമെന്നതിനെ കുറിച്ചും പ്രധാനമന്ത്രി അടുത്ത ദിവസം സംസാരിച്ചേക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപയുടെ നേരിട്ടുള്ള സഹായമാണ് നല്‍കുന്നത്. മൂന്ന് തുല്യ ഗഡുക്കളായി കൈപ്പറ്റുന്നതിന് ഓരോ നാല് മാസത്തിനിടയിലും 2000 രൂപ വീതമാണ് നല്‍കുന്നത്.
പദ്ധതിയില്‍ കര്‍ഷകര്‍ക്ക് ലഭിച്ച പ്രയോജനത്തെ കുറിച്ചും പ്രധാനമന്ത്രി കര്‍ഷകരോട് ചോദിച്ചറിയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍ പരിപാടിയുടെ ഭാഗമാകും. പഞ്ചായത്തുകള്‍ വഴി ഓണ്‍ലൈന്‍ ആയിട്ടാണ് ഓരോ കര്‍ഷകരേയും പദ്ധതിയുടെ ഭാഗമാക്കുന്നത്.