ദുബായ്:യുഎഇയുടെ പുതിയ നിക്ഷേപമന്ത്രിയായി മുഹമ്മദ് അല്‍ സുവൈദി ചുമതലയേറ്റു. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം പങ്കെടുത്ത ചടങ്ങിലാണ് മന്ത്രിയായി അദ്ദേഹം ചുമതലയേറ്റെടുത്തത്. വൈസ് പ്രസിഡന്‍റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി കാര്യമന്ത്രിയുമായ ഷെയ്ഖ് മന്‍സൂർ ബിന്‍ സായിദും ചടങ്ങില്‍ സംബന്ധിച്ചു.
അബുദാബി ആസ്ഥാനമായുള്ള ഇൻവെസ്റ്റ്‌മെന്‍റ് ആന്‍റ് ഹോൾഡിംഗ് കമ്പനിയായ എഡിക്യു യുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമാണ് അല്‍ സുവൈദി. തിങ്കളാഴ്ച നടന്ന മന്ത്രിസഭായോഗത്തിലാണ് പുതിയ മന്ത്രാലയം രൂപീകരിച്ചതും അല്‍ സുവൈദിയെ മന്ത്രിയായി നിയമിക്കാന്‍ തീരുമാനമെടുത്തതും.
രാജ്യത്തെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താനും നടപടിക്രമങ്ങളുടെയും നിയമനിർമ്മാണങ്ങളുടെയും മത്സരക്ഷമത വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നിക്ഷേപമന്ത്രാലയം രൂപീകരിക്കുന്നത്.
അബുദബി ഖസർ അൽ ഷാതിയിൽ നടന്ന ചടങ്ങിൽ അബുദബി പ്രസിഡന്‍റ് അല്‍ സുവൈദിയെ അഭിനന്ദിച്ചു. മറ്റ് മന്ത്രിമാരും ഉന്നത വ്യക്തിത്വങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. അബുദാബി നാഷണൽ എനർജി കമ്പനിയുടെ ചെയർമാന്‍ കൂടിയാണ് അല്‍ സുവൈദി. മാത്രമല്ല അബുദബിയിലെ ക്ലീൻ എനർജി കമ്പനിയായ മസ്ദാറിന്‍റെ ഡെപ്യൂട്ടി ചെയർമാനും അൽദാർ പ്രോപ്പർട്ടീസിന്‍റെ രണ്ടാമത്തെ വൈസ് ചെയർമാനുമാണ് അൽസുവൈദി.