ഫ്രാൻസിസ് മാർപ്പാപ്പയുടെ മം​ഗോളിയ സന്ദർശനത്തിന്റെ ഷെഡ്യൂളും ഔദ്യോഗിക ചിഹ്നവും പുറത്തിറക്കി വത്തിക്കാൻ

ഫ്രാൻസിസ് മാർപ്പാപ്പയുടെ മം​ഗോളിയ സന്ദർശനത്തിന്റെ ഷെഡ്യൂളും ഔദ്യോഗിക ചിഹ്നവും പുറത്തിറക്കി വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാല് വരെ നീളുന്ന മംഗോളിയയിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക യാത്രയുടെ നാലു ദിവസത്തെ ഷെഡ്യൂൾ പുറത്തിറക്കി വത്തിക്കാൻ. ഓഗസ്റ്റ് 31ന് വൈകുന്നേരം 6.30 ന് ഫ്രാൻസിസ് പാപ്പാ റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് മംഗോളിയയിലേക്ക് യാത്ര തിരിക്കുക.

സെപ്തംബർ ഒന്നിന് വെള്ളിയാഴ്ച രാവിലെ രാജ്യ തലസ്ഥാനമായ ഉലാൻബാതറിൽ പാപ്പ എത്തിച്ചേരും. വിമാനത്താവളത്തിൽ എത്തുന്ന മാർപാപ്പക്ക് ഔദ്യോഗിക സ്വീകരണം നൽകും. വെള്ളിയാഴ്ച മറ്റ് പരിപാടികളൊന്നും നിശ്ചയിച്ചിട്ടില്ല.

സെപ്റ്റംബർ രണ്ട് ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ഉലാൻബാതറിലെ സുഖ്‌ബാതർ സ്‌ക്വയറിൽ നടക്കുന്ന ചടങ്ങിൽ മാർപ്പാപ്പ പങ്കെടുക്കുകയും അവിടെ വെച്ച് അധികാരികൾ മാർപ്പാപ്പയെ ഔദ്യോ​ഗികമായി സ്വാ​ഗതം ചെയ്യുകയും ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് മംഗോളിയൻ പാർലമെന്റായ സ്റ്റേറ്റ് ഗ്രേറ്റ് ഖുറാലിന്റെ ചെയർമാനുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തും. തുടർന്ന് 11.10 ന് പ്രധാനമന്ത്രി ഒയുൻ-എർഡേൻ ലുവ്‌സന്നം സ്രായി മാർപ്പാപ്പയെ കാണും.

ഉച്ചകഴിഞ്ഞ് ഉലാൻബാതറിലെ സെന്റ് പീറ്റർ ആൻഡ് പോൾ കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, മിഷനറിമാർ, സമർപ്പിത വ്യക്തികൾ, അജപാലന പ്രവർത്തകർ എന്നിവരുമായി പാപ്പാ കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ മൂന്ന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ഉലാൻബാതറിലെ ഹുൻ തിയേറ്ററിൽ നടക്കുന്ന മതാന്തര സമ്മേളനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പങ്കെടുക്കും. വൈകിട്ട് നാലിന് ഉലാൻബത്തറിലെ സ്റ്റെപ്പി അരീനയിൽ മാർപ്പാപ്പ വിശുദ്ധ കുർബാന അർപ്പിക്കും

സെപ്റ്റംബർ നാല് തിങ്കളാഴ്ച രാവിലെ 9.30 ന് ചാരിറ്റി പ്രവർത്തകരുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തുകയും ഹൗസ് ഓഫ് മേഴ്‌സി എന്ന പേരിൽ ഒരു ചാരിറ്റി സെന്റർ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ഉച്ചയോടെ പാപ്പ മം​ഗോളിയയിൽ നിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടും.

ഒരുമിച്ച് പ്രത്യാശിക്കുക എന്നതാണ് ഇത്തവണത്തെ അപ്പസ്തോലികയാത്രയുടെ ആപ്ത വാക്യം. ക്രൈസ്തവ, അക്രൈസ്തവ ഇടങ്ങളിൽ ഉപയോഗത്തിലുള്ള പ്രത്യാശ എന്ന വാക്കാണ് പാപ്പായുടെ യാത്രയിൽ ഉയർന്നുനിൽക്കുക. ഇതോടൊപ്പം ഒരുമിച്ചുള്ള പ്രവർത്തനത്തെ കൂട്ടിച്ചേർത്ത് ഒരുമിച്ച് പ്രത്യാശിക്കുക എന്ന സന്ദേശമാണ് പാപ്പാ നൽകുന്നത്.

മംഗോളിയയുടെ ദേശീയ പതാകയുടെ നിറങ്ങളായ ചുവപ്പും നീലയും ഉപയോഗിച്ച് വരച്ചിരിക്കുന്ന മംഗോളിയൻ ഭൂപടമാണ് ഇത്തവണത്തെ ഔദ്യോഗിക ചിഹ്നം. ഇതിൽ ജർ എന്ന് വിളിക്കപ്പെടുന്ന മംഗോളിയൻ പാരമ്പര്യ കൂടാരവും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിന് ഒരു വശത്തായി നീല നിറത്തിൽത്തന്നെയുള്ള കുരിശു രൂപവും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഇരു വശങ്ങളിലുമായി മംഗോളിയൻ പാരമ്പര്യ ഭാഷയിൽ ഒരുമിച്ച് പ്രത്യാശിക്കുക എന്നും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാരത്തിന് മുകളിലായിവത്തിക്കാനെ പ്രതിനിധീകരിച്ച് മഞ്ഞ നിറത്തിൽ പുകയും വരച്ചുചേർത്തിട്ടുണ്ട്.

തന്റെ നാല്പത്തി മൂന്നാമത് അന്താരാഷ്‌ട്ര അപ്പസ്തോലിക യാത്രയാണ് മംഗോളിയയിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തുന്നത്. കത്തോലിക്കർ ഏറെ കുറവുള്ള മംഗോളിയ റഷ്യയുടെയും ചൈനയുടെയും അതിർത്തികൾ പങ്കിടുന്ന വളരെ ചെറിയ ഒരു രാജ്യമാണ്. വത്തിക്കാനിലെ മിഷനറി പ്രവർത്തനങ്ങളുടെ വാർത്താ ഏജൻസിയായ ഫിഡെസ് പറയുന്നതനുസരിച്ച് മംഗോളിയയിൽ ഏകദേശം 3.3 ദശലക്ഷം ജനസംഖ്യയിൽ 1,300 പേർ മാത്രമാണ് മാമോദീസ സ്വീകരിച്ചിട്ടുള്ളത്.

മതപരമായ ഐഡന്റിറ്റി പ്രകടിപ്പിക്കുന്നവരിൽ 87.1 ശതമാനം പേർ ബുദ്ധമതക്കാരും 5.4 ശതമാനം മുസ്ലീങ്ങളും 4.2 ശതമാനം ഷാമനിസ്റ്റുകളും 2.2 ശതമാനം ക്രിസ്ത്യാനികളും 1.1 ശതമാനം മറ്റ് മതങ്ങളുടെ അനുയായികളുമാണ്. മംഗോളിയയിൽ 20 വർഷത്തോളം മിഷനറിയായി സേവനമനുഷ്ഠിച്ച ഇറ്റലി വൈദികനെ കഴിഞ്ഞ വർഷം ഫ്രാൻസിസ് മാർപ്പാപ്പ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളായി തിരഞ്ഞെടുത്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.